ലാഹോർ: വാതുവയ്പ് വാദത്തിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ പാക് ക്രിക്കറ്റ് താരം മുഹമ്മദ് ഇർഫാന് സസ്പെൻഷൻ. പാക്കിസ്ഥാൻ സൂപ്പർ ലീഗിനിടെ വാതുവയ്പുമായി ബന്ധപ്പെട്ട് ഇർഫാന്റെ പേര് ഉയർന്നുവന്ന സാഹചര്യത്തിലാണ് ഇർഫാനെ പാക് ക്രിക്കറ്റ് ബോർഡ് സസ്പെൻഡ് ചെയ്തത്.
ആരോപണങ്ങളിൽ മറുപടി നൽകാൻ ആവശ്യപ്പെട്ട് ഇർഫാന് പിസിബി നോട്ടീസ് നൽകിയിട്ടുണ്ട്. 14 ദിവസത്തിനുള്ളിൽ മറുപടി നൽകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.സൂപ്പർ ലീഗ് മത്സരങ്ങൾക്കിടെ വാതുവയ്പുകാരൻ സമീപിച്ചെന്ന വിവരം റിപ്പോർട്ട് ചെയ്യാത്തതാണ് ഇർഫാനെതിരായ കുറ്റമെന്നാണു സൂചന.
ഇർഫാൻ പിസിബിയുടെ അഴിമതിവിരുദ്ധ സമിതിക്ക് മുന്പാകെ ഹാജരായിരുന്നു. ഒത്തുകളിയുമായി ബന്ധപ്പെട്ട് ഇടംകൈയൻ സ്പിന്നർ സുൾഫിക്കർ ബാബർ, ബാറ്റ്സ്മാൻ ഷസൈബ് ഹസൻ എന്നിവരെയും ചോദ്യം ചെയ്തു.
നേരത്തെ, പാക്കിസ്ഥാൻ സൂപ്പർ ലീഗിനിടെ വാതുവയ്പുകാരനുമായി ബന്ധപ്പെട്ട മുൻ പാക് താരം നാസിർ ജംഷദിനെ ക്രിക്കറ്റിൽനിന്ന് വിലക്കാൻ പിസിബി തിരുമാനിച്ചിരുന്നു. കൂടാതെ, വാതുവയ്പുകാരനുമായി ബന്ധപ്പെടാൻ ശ്രമിച്ചെന്ന ആരോപണത്തിൽ ഷർജീൽ ഖാൻ, ഖാലിദ് ലത്തീഫ് എന്നിവരെ ടൂർണമെന്റിനിടെ പാക്കിസ്ഥാനിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു.