നെടുമങ്ങാട്: ഇരുമ്പകാച്ചാണി റോഡിന്റെ നിർമാണ ഉദ്ഘാടന ശിലാഫലകം സ്ഥാപിക്കുന്നാനെത്തിയ കോൺഗ്രസ് മണ്ഡലം ഭാരവാഹി വൃദ്ധയെ ഉപദ്രവിച്ച സംഭവത്തിൽ അരുവിക്കര പോലീസ് കേസെടുത്തു. ഇരുമ്പ സ്വദേശിയായ കൃഷ്ണമ്മയെ കോൺഗ്രസ് മണ്ഡലം ഭാരവാഹിയായ രാജീവ് ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
രാജീവ് ഉപദ്രവിച്ചതായി കാട്ടി കൃഷ്ണമ്മ ആദ്യം പരാതി നൽകിയെങ്കിലും പിന്നീട് പിൻവലിച്ചു. കൃഷ്ണമ്മയുടെ ജ്യേഷ്ഠത്തിയുടെ മകനാണ് രാജീവ്. അതിനാൽ ഇയാൾക്കെതിരേ മൊഴി നൽകാനും ഇവർ തയാറായില്ല. തുടർന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ഷാജു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
ശിലാഫലകം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തിൽ കുറ്റക്കാരനെന്ന് കണ്ട് കോൺഗ്രസ് മണ്ഡലം ഭാരവാഹിയായ രാജീവിനെ പ്രാഥമികാംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തതായി ഡിസിസ പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ അറിയിച്ചു.
ആക്രമണത്തിന് ഇരയായ വൃദ്ധയെ കെ.എസ്.ശബരീനാഥൻ എംഎൽഎ സന്ദർശിച്ചു. വളരെ ദൗർഭാഗ്യകരമായ സംഭവമാണ് കോൺഗ്രസ് പ്രവർത്തകന്റെ ഭാഗത്തു നിന്നുണ്ടായതെന്നും നടപടിയെടുക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.