c കോട്ടയം: വീടിനു മുന്നിലെ നിരീക്ഷണ കാമറ അയൽവാസിയുടെ കുളിമുറിയിലേക്കു തിരിഞ്ഞാണ് സ്ഥാപിച്ചതെന്ന പരാതിയിൽ പോലീസ് എത്തി കാമറ കണക്ഷൻ വിടുവിച്ചു. നാട്ടകം ഗസ്റ്റ് ഹൗസ് ഭാഗത്താണ് സംഭവം. ഇന്നലെ വൈകുന്നേരമാണ് ഈസ്റ്റ് സ്റ്റേഷനിൽ ഇതു സംബന്ധിച്ച പരാതി ലഭിച്ചത്. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
രണ്ടു കാമറകളാണ് വീടിനു മുന്നിൽ സ്ഥാപിച്ചിരുന്നത്. ഇതിൽ ഒന്ന് അയൽവാസിയുടെ വീടിന്റെ കുളിമുറി ഭാഗത്തേക്കാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഒരു കാമറയുടെ കണക്ഷൻ വിഛേദിച്ചു. ദൃശ്യങ്ങൾ സംഭരിച്ചിട്ടുള്ള ഹാർഡ് ഡിസ്കിൽ അയൽവാസിയുടെ കുളിമുറി ദൃശ്യങ്ങൾ ഉണ്ടോ എന്നറിയുന്നതിന് ഇന്ന് പരിശോധന നടത്തും.
രണ്ടു വീട്ടുകാരും ചേർന്നു വിദഗ്ധന്റെ സഹായത്തോടെയാണ് പരിശോധന നടത്തുന്നത്. അതേ സമയം അയൽവാസിയുടെ കുളിമുറി ദൃശ്യങ്ങൾ കാണാനല്ലെന്നും തന്റെ പുരയിടത്തിന്റെ അതിർത്തി ഭാഗത്തെ ദൃശ്യങ്ങൾ കാണാൻ വേണ്ടിയാണ് ഒരു കാമറ ഉപയോഗിക്കുന്നതെന്നുമാണു കാമറ സ്ഥാപിച്ച വീട്ടുകാരുടെ വിശദീകരണം.