കേളകം(കണ്ണൂർ): നെടുംപൊയിൽ ചുരത്തിൽ ബംഗളൂരുവിൽനിന്ന് ബിയറുമായി വന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് കത്തിനശിച്ചു. ഇന്നു പുലർച്ചെ നാലോടെ നെടുംപൊയിൽ ചുരത്തിലെ സെമിനാരി വില്ല വളവിലായിരുന്നു അപകടം. ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് ബിയറുമായി വരുന്ന വാഹനം നിയന്ത്രണംവിട്ട് റോഡിൽ മറിയുകയായിരുന്നു.
റോഡിന് കുറുകെ വാഹനം മറിഞ്ഞയുടൻ തന്നെ തീപിടിക്കുകയായിരുന്നു. ലോറി ഡ്രൈവറായ ബംഗളൂരു സ്വദേശി രഞ്ജപ്പ (39), ക്ലീനർ തുംകൂർ സ്വദേശി നാരായണി (20) എന്നിവരെ നിസാര പരിക്കുകളോടെ പേരാവൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേളകം എസ്ഐ ടി.വി. പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസും പേരാവൂരിൽനിന്നുള്ള ഫയർഫോഴ്സും ചേർന്നാണ് തീയണച്ചത്. ലോറി പൂർണമായും കത്തിനശിച്ചു. 24,000 കുപ്പി ബിയറാണ് ലോറിയിൽ ഉണ്ടായിരുന്നത്.