അഗളി: തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലേറിയതു പണവും അക്രമവും കൊണ്ടാണെന്ന് ഇറോം ശർമിള. അട്ടപ്പാടി മട്ടത്തുകാട് ശാന്തിഗ്രാമിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അവർ. മണിപ്പൂരിൽ ബിജെപി അധികാരത്തിലെത്തിയത് എംഎൽഎമാരെ വിലകൊടുത്തുവാങ്ങിയാണെന്നും ശർമിള പറഞ്ഞു. തന്റെ സമരപോരാട്ടം തുടരും. തെരഞ്ഞെടുപ്പിലെ പരാജയം കൊണ്ട് ഒളിച്ചോടിയതല്ല.
ജനാധിപത്യത്തെക്കുറിച്ച് മണിപ്പൂർ ജനത ഇപ്പോഴും അജ്ഞരാണെന്നും താൻ രാഷ്ട്രീയരംഗത്തു വീണ്ടും സജീവമാകുമെന്നും ശർമിള വ്യക്തമാക്കി. കേരളീയരെ വളരെയധികം സ്നേഹിക്കുന്നതുകൊണ്ടാണ് ഇവിടെയെത്തിയതെന്നും ഇവിടത്തെ വിദ്യാഭ്യാസ ആരോഗ്യ രംഗത്തെ മുന്നേറ്റം രാജ്യത്തിനു മാതൃകയാണെന്നും അവർ പറഞ്ഞു.
മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം വിശ്രമത്തിനായി കേരളത്തിലെത്തിയ മനുഷ്യാവകാശപ്രവർത്തകയും മണിപ്പൂരിന്റെ ഉരുക്കുവനിതയുമായ ഇറോം ശർമിള ഒരു മാസം കേരളത്തിലുണ്ടാകും. അട്ടപ്പാടി മട്ടത്തുകാട്ടെ ശാന്തി ആശ്രമത്തിലെത്തിയ ശർമിള വിശ്രമകാലയളവിൽ നാച്ചുറോപ്പതി ചികിത്സയും പരിശീലിക്കും. സുഹൃത്തും മാധ്യമപ്രവർത്തകനുമായ ബഷീർ മാടാലയുടെ ക്ഷണം സ്വീകരിച്ചാണ് ശർമിള അട്ടപ്പാടിയിലെത്തിയത്.