ആലുവ : ഏറെ കോളിളക്കം സൃഷ്ടിച്ച നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം എങ്ങും എത്താത്ത അവസ്ഥയില്‍ പോലീസ് – അഭിഭാഷക തര്‍ക്കം മുറുകുന്നു. കേസിലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രധാന പ്രതികളുടെ അഭിഭാഷകന് നോട്ടീസ് നല്‍കിയിരുന്നു. പോലീസിന്റെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ പ്രതീഷ് ചാക്കോ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാല്‍, പോലീസ് അന്വേഷണവുമായി സഹകരിക്കണമെന്ന് ഉത്തരവിട്ട കോടതി ഹാജരാകാന്‍ അഭിഭാഷകന് രണ്ടു ദിവസത്തെ സാവകാശം നല്‍കുകയുമായിരുന്നു.
കേസിന്റെ അന്വേഷണ ചുമതലയുള്ള ആലുവ ഡിവൈഎസ്പി കെ.ജി ബാബുകുമാര്‍ മുമ്പാകെ ഇന്നലെ വൈകിട്ട് ഹാജരാകണമെന്നായിരുന്നു പോലീസിന്റെ നോട്ടീസ്. എന്നാല്‍ അഭിഭാഷകനും കക്ഷിയും തമ്മിലുള്ള ആശയവിനിമയങ്ങള്‍ക്ക് നിയമപരമായ സംരക്ഷണമുണ്ടെന്നും ഈ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ട ബാധ്യയതയില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അഭിഭാഷകന്റെ ഹര്‍ജി. മുന്‍പ് അന്വേഷണ സംഘം ആവശ്യപ്പെട്ടതുപ്രകാരം വിവരങ്ങള്‍ കൈമാറിയിരുന്നതായും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഹാജരാകുന്നത് പീഡനമായി കാണേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ നാളെ രാവിലെ പത്തിനുശേഷം ഉച്ചവരെയുള്ള സമയത്ത് പോലീസില്‍ ഹാജരായി മൊഴി നല്‍കാം.
നേരത്തെ അഭിഭാഷകന്റെ ഓഫീസില്‍ തിരച്ചില്‍ നടത്തി പള്‍സര്‍ സുനി സംഭവം നടന്ന സമയത്ത് ധരിച്ചിരുന്ന വസ്ത്രമുള്‍പ്പെടെ കണ്ടെടുത്തതായി പ്രോസിക്യൂട്ടര്‍ കോടതിയെ ധരിപ്പിച്ചിരുന്നു. രണ്ടിലേറെ സിംകാര്‍ഡുകളും മെമ്മറി കാര്‍ഡും കാര്‍ഡ് റീഡറും പിടിച്ചെടുത്തിട്ടുണ്ടത്ര. മഹസര്‍ റിപ്പോര്‍ട്ടിലുള്ള ഇക്കാര്യങ്ങള്‍ കുറ്റസമ്മത മൊഴിയിലും പരാമര്‍ശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ അഭിഭാഷകനെ ചോദ്യം ചെയ്യണമെന്ന പോലീസിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചത്.
കേസന്വേഷണത്തിന്റെ തുടക്കം മുതലേ അഭിഭാഷകരുടെ ഇടപെടലുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംഭവം കേസായതോടെ പ്രധാനപ്രതി പള്‍സര്‍ സുനിയും സംഘവും ആദ്യം സമീപിച്ചത് അങ്കമാലിയിലെ ഒരു അഭിഭാഷകനെയായിരുന്നു. വക്കാലത്ത് ഒപ്പിടുകയും ഫീസിനത്തില്‍ അഡ്വാന്‍സും നല്‍കിയശേഷം കേസുമായി ബന്ധമുള്ളതെന്ന് പറഞ്ഞ് ഒരു മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും അഭിഭാഷകനെ ഏല്‍പ്പിച്ചിരുന്നു. അഭിഭാഷകന് ഈ തെളിവുകള്‍ ആലുവ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. എന്നാല്‍, പോലീസ് അന്വേഷിച്ചുവരുന്ന നടിയെ ഉപദ്രവിക്കുന്ന രംഗങ്ങള്‍ ചിത്രീകരിച്ച മെമ്മറി കാര്‍ഡ് അഭിഭാഷകന് കോടതിയില്‍ നല്‍കിയതില്‍ ഉണ്ടെന്ന സ്ഥിതീകരിക്കാത്ത ശാസ്ത്രീയ ഫലത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കേസിന്റെ ഗതിമാറ്റുകയായിരുന്നു. തുടര്‍ന്ന് വക്കാലത്ത് ഒഴിഞ്ഞ ആദ്യ അഭിഭാഷകന് കേസിയെ സാക്ഷിയായി മാറുകയും ചെയ്തു.
ഇതിനിടയിലാണ് പ്രതീഷ് ചാക്കോയെ അഭിഭാഷകനായി പ്രതികള്‍ കൊണ്ടുവരുന്നത്. വക്കാലത്ത് സംബന്ധിച്ച് കോടതിയില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറിയെങ്കിലും പ്രതികളുടെ ആവശ്യപ്രകാരം പ്രതീഷ് ചാക്കോയുടെ വക്കാലത്ത് ആലുവ സെക്കന്‍ഡ് ക്ലാസ് മജിസ്ട്രേറ്റ് അംഗീകരിക്കുകയായിരുന്നു. കസ്റ്റഡികാലാവധി കഴിഞ്ഞ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതി സുനിയുമായി സംസാരിക്കാന്‍ ആദ്യത്തെയും ഇപ്പോഴത്തെയും അഭിഭാഷകര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മജിസ്ട്രേറ്റ് അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായി കുറ്റപത്ര സമര്‍പ്പണത്തിനു മുന്‍പ് വ്യക്തായ തെളിവുകള്‍ കണ്ടെത്താനാണ് അഭിഭാഷകനെ വരെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്.