കളമശേരി: നഗരസഭക്ക് മുന്നിലെ ഓട്ടോ സ്റ്റാൻഡിൽ പാർക്ക് ചെയ്ത യുവതിയുടെ കാറിൽ മാലിന്യം വിതറിയ സംഭവത്തിൽ ഓട്ടോ ഡ്രൈവർക്കെതിരേ കളമശേരി പോലീസ് കേസെടുത്തു. അതേ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ നോർത്ത് പള്ളിലാംകര ചാലുങ്കൽ വീട്ടിൽ അബ്ദുൾ സലീമി (37)നെതിരെയാണ് കളമശേരി പോലീസ് കേസെടുത്തത്.
ഇയാൾ എസ് സി പി ഐ പ്രവർത്തകനാണെന്ന് കളമശേരി സബ് ഇൻസ്പെക്ടർ ഇ വി ഷിബു പറഞ്ഞു.തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45 നോടെയാണ് നഗരസഭയിൽ കരമടക്കാൻ ഓട്ടോ സ്റ്റാൻഡിൽ കാർ പാർക്ക് ചെയ്തിട്ട് യുവതി പോയത്. തിരിച്ച് വന്നപ്പോഴാണ് കാറിൽ മാലിന്യം വിതറിയിരിക്കുന്നത് കണ്ടത്. ഇതേ തുടർന്ന് യുവതി നൽകിയ പരാതിയിലാണ് അബ്ദുൾ സലീമിനെതിരേ കേസെടുത്തത്.
അതേ സമയം ഇന്നലെ കളമശേരി നഗരസഭയുടെ മുന്നിൽ സെപ്റ്റിക് മാലിന്യം തള്ളിയ സംഭവത്തിൽ പ്രതികളെ ഇതുവരെയും പിടികൂടാനായിട്ടില്ല. നഗരസഭയ്ക്കുള്ളിൽ അടുത്തകാലത്തായി നടന്ന ഏതെങ്കിലും സംഭവങ്ങളുമായി മാലിന്യം തള്ളിയതിന് ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.