ന്യൂഡൽഹി: നമ്മുടെ കൈയിലിരിക്കുന്ന പുതുപുത്തൻ 500 രൂപയ്ക്കും 2000 രൂപയ്ക്കും നാലു രൂപപോലും വിലയില്ലെന്ന്. കേന്ദ്ര സഹമന്ത്രി അർജുൻ രാംമേഘ്വാളാണ് ഇക്കാര്യം അറിയിച്ചത്. പാർലമെന്റിലായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ. നോട്ട് റദ്ദാക്കലിനു ശേഷം പുറത്തിറക്കിയ പുതിയ നോട്ടുകൾക്ക് 2.87 രൂപയ്ക്കും 3.77 രൂപയ്ക്കും ഇടയിലാണ് അച്ചടിക്കാൻ ചെലവായതെന്നാണ് കേന്ദ്രമന്ത്രി അറിയിച്ചത്. എന്നാൽ ഇത് മോശം നോട്ടുകൾ മാറ്റിനൽകിയതിന്റെ കണക്കും ഇതിനൊപ്പം ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
പുതിയ നോട്ട് അച്ചടിക്കാനാവിശ്യമായ മൊത്തം ചെലവ് പരിഗണിച്ചാണ് ഓരോ നോട്ടിനും ചെലവായ തുക തിട്ടപ്പെടുത്തിയത്. പുതിയ 500 രൂപയുടെ ഒരു നോട്ടിന് ഏകദേശം 2.87 രൂപയ്ക്കും 3.09 രൂപയ്ക്കും ഇടയിലാണ് ചെലവായത്. 2000 രൂപയുടെ ഒരു നോട്ട് അച്ചടിക്കാൻ 3.54 രൂപയ്ക്കും 3.77 രൂപയ്ക്കും ഇടയിൽ ചെലവായി. പുതിയ നോട്ടുകളുടെ അച്ചടിച്ചെലവ് സംബന്ധിച്ച ചോദ്യത്തിനുള്ള ഉത്തരമായാണ് ഇക്കാര്യം മന്ത്രി വെളിപ്പെടുത്തിയത്. രാജ്യസഭയിൽ രേഖാമൂലമാണ് കേന്ദ്രമന്ത്രി മറുപടി പറഞ്ഞത്.