മഡ്ഗാവ്: വി.പി. ഷാജി പരിശീലിപ്പിക്കുന്ന നമ്മുടെ കേരളം പ്രതീക്ഷ പാഴാക്കിയില്ല. ആദ്യമത്സരത്തില്‍ത്തന്നെ ഉജ്വല ജയത്തോടെ സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ തങ്ങളുടെ ആദ്യമത്സരം അവിസ്മരണീയമാക്കി. മികച്ച ടീമായ റെയില്‍വേസിനെ രണ്ടിനെതിരേ നാലു ഗോളിനു തകര്‍ത്ത് കേരളം ഉജ്വലമായിത്തന്നെ തുടങ്ങി.
മുന്നേറ്റനിരയിലെ തുരുപ്പുചീട്ട് ജോബി ജസ്റ്റിന്റെ ഹാട്രിക്കാണ് കേരളത്തിന്റെ ജയം അനായാസമാക്കിയത്. 21,45,67 മിനിറ്റുകളിലായിരുന്നു ജോബിയുടെ എണ്ണം പറഞ്ഞ ഗോളുകള്‍. നാലാം ഗോള്‍ നായകന് ഉസ്മാന്റെ വക 71-ാം മിനിറ്റിലും. 11,86 മിനിറ്റുകളില്‍ മലയാളി താരം രാജേഷാണ് റെയില്‍വേസിനായി വലചലിപ്പിച്ചത്.
ഒരു ഗോളിനു പിന്നില്‍നിന്ന ശേഷമായിരുന്നു കേരളത്തിന്റെ ഉജ്വല തിരിച്ചുവരവ്. മലയാളി താരമായ എസ്. രാജേഷിന്റെ ഗോളിലൂടെ 11-ാം മിനിറ്റില്‍ റെയില്‍വേസ് മുന്നിലെത്തി. കേരളത്തിന്റെ പ്രതിരോധത്തില്‍വന്ന പിഴവാണ് തിരിച്ചടിയായത്. എന്നാല്‍, 21-ാം മിനിറ്റില്‍ ജോബി ജസ്റ്റിന് കേരളത്തിനു സമനില സമ്മാനിച്ചു.
ജിഷ്ണു വലതുകോര്‍ണറില്‍നിന്ന് ഉതിര്‍ത്ത ഷോട്ടില്‍ റെയില്‍വേസ് ഗോള്‍ കീപ്പര്‍ ഹജ്മലിനു നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. ആദ്യപകുതി സമനിലയിലേക്കെന്നു തോന്നിപ്പിച്ച അവസ്ഥയില്‍ കേരളം ലീഡ് നേടി. ഗോള്‍വലയ്ക്കു പുറത്ത് 25വാര അകലെനിന്ന് തൊടുത്ത ഷോട്ട് ജോബിക്ക് വലയിലാക്കാന്‍ അധികം വിയര്‍പ്പൊഴുക്കേണ്ടിവന്നില്ല. ഫ്രീകിക്കിന്റെ സകല മനോഹാരിതയും ആവാഹിച്ചുകൊണ്ടായിരുന്നു ജോബിയുടെ ഉശിരന്‍ ഷോട്ട്. ഗോള്‍വലയിലേക്കു വളഞ്ഞിറങ്ങിയ പന്തിന്റെ പോക്കിന് ഒരു അന്താരാഷ്ട്ര ചാരുത ഉണ്ടായിരുന്നു.
ഇതോടെ ആദ്യപകുതി 2-1ന് കേരളത്തിന്റെ മേധാവിത്വത്തോടെ അവസാനിച്ചു. രണ്ടാം പകുതിയിലും കേരളത്തിന്റെ ആക്രമണത്തിന് കുറവുണ്ടായില്ല. പ്രതിരോധത്തിലേക്കു വലിയാതെ സ്വതസിദ്ധമായ ശൈലിയില്‍ കേരളം കളിച്ചു എന്നതിന് പരിശീലകന് ഷാജിയെ അഭിനന്ദിച്ചേ മതിയാകൂ. ഓരോ നീക്കങ്ങളിലും ഷാജി വ്യക്തമായ നിര്‍ദേശമുണ്ടായിരുന്നു എന്നുറപ്പ്.
കേരളത്തിന്റെയും ജോബിയുടെ മൂന്നാം ഗോളിനു വഴിവച്ചതും ജിഷ്ണുവിന്റെ പാദങ്ങളാണ്. 67-ാം മിനിറ്റില്‍ കേരളത്തിനു ലഭിച്ച കോര്‍ണര്‍ കൃത്യമായി ജോബിയിലെത്തിക്കാന് ജിഷ്ണുവിനായി. ലഭിച്ച പന്തിനെ അനായാസമായി വലയിലെത്തിക്കാന്‍ ജോബിക്കും. ഇതോടെ ഹാട്രിക് നേട്ടവുമായി ജോബി ആഘോഷിച്ചു, ഒപ്പം കേരള താരങ്ങളും.
നാലു മിനിറ്റുകള്‍ക്കു ശേഷം കേരളം റെയില്‍വേസിന്റെ ശവപ്പെട്ടിയിലെ അവസാന ആണിയുമടിച്ചു. അതിനും നിമിത്തമായത് ജിഷ്ണു ബാലകൃഷ്ണന്റെ ക്രോസാണ്. ഗോളിലേക്കു വഴിതിരിച്ചുവിടേണ്ട കാര്യമേ നായകന് പി. ഉസ്മാനുണ്ടായിരുന്നു. നായകന്റെ ഗോളില്ലാതെ എന്ത് മത്സരം എന്നു പറയാതെ പറയുകയായിരുന്നു ഉസ്മാന്.
കളി തീരാന്‍ നാലു മിനിറ്റ് മാത്രം ശേഷിക്കേ, രാജേഷ് റെയില്‍വേസിന്റെ പരാജയഭാരം കുറച്ചുകൊണ്ട് രണ്ടാം ഗോള്‍ നേടി. മികച്ച രീതിയില്‍ തുടങ്ങാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് കേരള പരിശീലകന് വി.പി. ഷാജി ദീപികയോടു പറഞ്ഞു.
എന്നാല്‍, പ്രതിരോധത്തിലെ ചില പോരായ്മകള്‍ അലട്ടുന്നതായി ഷാജി സമ്മതിച്ചു. അടുത്ത മത്സരത്തില്‍ ഈ പോരായ്മ നികത്തിയായിരിക്കും മത്സരത്തിനിറങ്ങുകയെന്ന് ഷാജി കൂട്ടിച്ചേര്‍ത്തു. നാളെ നടക്കുന്ന കേരളത്തിന്റെ രണ്ടാം മത്സരത്തില്‍ കരുത്തരായ പഞ്ചാബാണ് എതിരാളികള്‍.