തിരുവനന്തപുരം: സ്റ്റാഫ് നഴ്സ് തസ്തികയിലേക്കു പിഎസ്സി നിയമനത്തിന് അപേക്ഷിക്കുന്നവർ പ്ലസ് ടുവിനു സയൻസ് വിഷയം പഠിച്ചിരിക്കണമെന്ന നിബന്ധന ഭേദഗതി ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സ്പെഷൽ റൂൾസിൽ ഭേദഗതി കൊണ്ടുവരുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്ലസ് ടു സയൻസ് പഠനം കേരളത്തിലെ ജനറൽ നഴ്സിംഗ് കോഴ്സ് പ്രവേശനത്തിനു നിർബന്ധമായിരുന്നു. രോഗികളുടെ സുരക്ഷിതത്വം മുൻനിർത്തിയെന്ന പേരിലാണ് ഇങ്ങനെ നിബന്ധന ഏർപ്പെടുത്തിയിരുന്നത്.
എന്നാൽ, 2010 മുതൽ ജനറൽ നഴ്സിംഗ് പഠനത്തിനു പ്ലസ് ടുവിനു സയൻസ് ഗ്രൂപ്പ് പഠനം നിർബന്ധമല്ലാതായി. കേരളത്തിനു പുറത്തും നഴ്സിംഗ് പഠിക്കാൻ സയൻസ് ഗ്രൂപ്പു നിർബന്ധമല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ഭേദഗതി വേണമെന്ന ആവശ്യം ഉയരുന്നത്.
പിഎസ്സി സ്റ്റാഫ് നഴ്സ് ജോലിക്ക് അപേക്ഷിക്കുന്നവർ പ്ലസ് ടുവിനു സയൻസ് പഠിച്ചിരിക്കണമെന്ന നിബന്ധന സയൻസ് ഗ്രൂപ്പ് പഠിക്കാത്ത നഴ്സുമാർക്കു തിരിച്ചടിയായിരുന്നു. ഇതിനെതിരേ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് സണ്ണി ജോസഫ് എംഎൽഎ ഇക്കാര്യം സബ്മിഷനായി ഉന്നയിച്ചത്.
പാരിപ്പള്ളിയിൽ പ്രവർത്തനം ആരംഭിച്ച കൊല്ലം ഗവ.മെഡിക്കൽ കോളജിൽ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കാനുള്ള നടപടി തുടങ്ങിയതായി ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ നിയമസഭയെ അറിയിച്ചു. കാരുണ്യ ഫാർമസി ഏപ്രിൽ ഒന്നിനു തുടങ്ങും. പത്തു കാത്ത് ലാബുകളിൽ ഒന്ന് പാരിപ്പള്ളിയിലാണു പ്രവർത്തിപ്പിക്കുക.
ആശുപത്രി ഏറ്റെടുക്കുന്നതിൽ ഇഎസ്ഐ കോർപറേഷനുമായി കഴിഞ്ഞ യുഡിഎഫ് സർക്കാർ അവധാനതയില്ലാതെ ഒപ്പിട്ടതാണു നടപടിക്രമം വൈകാൻ ഇടയാക്കുന്നതെന്നും ജി.എസ്. ജയലാലിനെ മന്ത്രി അറിയിച്ചു.
ആർസിസിയിലെ ചികിത്സ മികവുറ്റതാക്കി മാറ്റുന്നതിനാണു ചികിത്സയ്ക്കു ചില പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയതും മൾട്ടി ഡിസിപ്ലിനറി ട്യൂമർ ബോർഡ് രൂപീകരിച്ചതുമെന്നു മന്ത്രി അറിയിച്ചു. മലബാർ കാൻസർ സെന്ററിൽ അടക്കം നിലനിൽക്കുന്ന സാങ്കേതിക ചികിത്സാ രീതി നടപ്പാക്കാനാണു ആർസിസിയിലും ബോർഡ് രൂപീകരിച്ചത്.