കൊല്ലം: കുണ്ടറയിൽ പീഡനത്തിനിരയായ പത്തുവയസുകാരി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കളായ മൂന്നുപേർ കസ്റ്റഡിയിൽ. കൊല്ലം റൂറൽ സിറ്റി കമ്മീഷണർ കെ.സുരേന്ദ്രൻ എസിപി ബി.കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഇന്നലെമുതൽ കേസന്വേഷണംഎസിപി ബി.കൃഷ്ണകുമാറിനാണ്. രണ്ടുമാസംമുന്പാണ് കുട്ടിയെ വീട്ടിലെ ജനലിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കുട്ടി നിരവധിതവണ ലൈംഗിക പീഡനത്തിനിരയായെന്ന് വ്യക്തമായിരുന്നു.
കുട്ടിയുടെ പിതാവ് ഏറെ നാളായി ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു. ഇയാളെ കുട്ടിയുടെ മൃതശരീരം കാണിക്കാൻ പോലും ബന്ധുക്കൾ കൂട്ടാക്കിയില്ലെന്നും പറയുന്നു. മാത്രമല്ല ബന്ധുക്കളിൽ ചിലർ ഇയാളെ മർദിച്ചതായും പോലീസിന്റെ സഹായത്തോടെയാണ് പിന്നീട് മകളുടെ മൃതശരീരം കണ്ടതെന്നും പറയുന്നു.
കുട്ടിയുടെ സഹോദരനായ 16കാരനും നേരത്തെ ആത്മഹത്യചെയ്തിരുന്നു. ഈ സംഭവത്തിലും ദുരൂഹത നിലനിൽക്കുകയാണ്.കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റ അടയാളങ്ങൾ കാണപ്പെട്ടതും പീഡനത്തിലേക്ക് വിരൽചൂണ്ടുന്നു . പ്രകൃതിവിരുദ്ധപീഡനത്തിന് കുട്ടിയെ ഇരയാക്കിയതിന്റെ ലക്ഷണങ്ങളും സ്വകാര്യഭാഗങ്ങളിലെ മുറിവുകളും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്. മരണത്തിന് തൊട്ടുമുന്പും പീഡനത്തിനിരയായിരുന്നതിന്റെ സൂചനകളുമുണ്ട്. ആന്തരികാവയവങ്ങളിലെ മുറിവുകളും കൊടിയ പീഡനത്തിനിരയായതിന്റെ സൂചനകളാണ് നൽകുന്നത്. മൃതദേഹ പരിശോധനയിൽ ക്രൂരമായ പീഡനം നടന്നതായി വ്യക്തമായിട്ടും പോലീസ് സംഭവം ഗൗരവമായി എടുത്തില്ല.
ജനപ്രതിനിധികളുടെ സമ്മർദത്തെ തുടർന്നാണ് മൃതദേഹം പോസ്റ്റുമോർട്ടത്തിന് തിരുവനന്തപുരത്ത് കൊണ്ടുപോയത്. ബന്ധുക്കൾ അന്വേഷണത്തോട് തുടക്കംമുതലെ സഹകരിക്കുന്നില്ലെന്നാണ് പോലീസ് പറഞ്ഞുവന്നത്. പോലീസിന്റെ ഭാഗത്തെ വീഴ്ച ചൂണ്ടിക്കാട്ടി കുട്ടിയുടെ മുത്തശി ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു.
പോലീസിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചസംഭവിച്ചതിനെതുടർന്ന് കുണ്ടറ സിഐ ഷാബുവിനെ ഇന്നലെ സസ്പെൻഡ് ചെയ്തു.കുട്ടിയെ തൂങ്ങിമരിച്ചനിലയിൽ കണ്ട സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിരിക്കുകയാണ്. കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. ദക്ഷിണമേഖല ഐജി അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ നൽകിയ നോട്ടീസിൽ പറയുന്നു.
ശിശുക്ഷേമസമിതിയും പഞ്ചായത്ത് സെക്രട്ടറിയും സ്കൂൾ അധികൃതരും ഇത് സംബന്ധിച്ച റിപ്പോർട്ട് സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.സംഭവം നടന്ന് മാസങ്ങളായിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയപാർട്ടികൾ ഇന്നലെ കുണ്ടറ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഇതിനുശേഷമാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉണർന്നത്. കൊല്ലം റൂറൽ എസിപിക്ക് അന്വേഷണ ചുമതലനൽകി. പ്രതികളെ പെട്ടെന്ന് നിയമത്തിന് മുന്നിൽകൊണ്ടുവരാനാണ് ശ്രമം.
ആത്മഹത്യാക്കുറിപ്പ് ഫോറൻസിക് പരിശോധനയ്ക്ക്
കൊല്ലം: കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കാണിച്ചുള്ള ആത്മഹത്യാകുറിപ്പ് കുട്ടിയുടെ മൃതദേഹത്തിന് അരികിൽനിന്ന് കണ്ടെടുത്തിരുന്നു. കുറിപ്പിലാകട്ടെ എഴുതിയിരിക്കുന്നത് പഴയലിപിയിലാണ്. ആത്മഹത്യാകുറിപ്പ് കുട്ടി എഴുതിയതല്ലെന്ന സംശയം ഉയർന്നതിനെതുടർന്ന് നേരത്തെയുള്ള അന്വേഷണസംഘം കത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
ഇതിന്റെ ഫലം കൂടി പുറത്തുവരുന്പോൾ കേസിൽ കൂടുതൽ വ്യക്തത ഉണ്ടാകും. ബാലികയെ പീഡിപ്പിച്ചുവെന്ന കേസിൽ രണ്ടു വർഷം മുന്പ് പിതാവ് അറസ്റ്റിലായിരുന്നു. അതിനാൽ പിതാവ് തന്നെയാണ് ഇളയകുട്ടിയുടെ മരണത്തിന് കാരണമെന്ന് കാണിച്ച് കുട്ടിയുടെ മാതാവും ബന്ധുക്കളും കുണ്ടറ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പിതാവിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും പോലീസ് നടത്തുന്നുണ്ട്.