കോഴിക്കോട്: മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രാദേശിക നേതാവ് സ്ഥാനാർഥിയാകും. സംസ്ഥാന നേതാക്കളാരും മത്സരരംഗത്തുണ്ടാവില്ലെന്ന് ഉറപ്പായി.യുപി ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പുകളിൽ മികച്ച വിജയം നേടി പാർട്ടി തിളങ്ങി നിൽക്കുന്ന സമയത്ത് കേരളത്തിലെ തോൽവി ദേശീയ ശ്രദ്ധ ആകർഷിക്കുന്നതിനോട് സംസ്ഥാന നേതൃത്വത്തിന് താത്പര്യമില്ല. മുസ്ലിം ലീഗ് കോട്ടയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷ വച്ചുപുലർത്തി തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കേണ്ടെന്നാണ് തീരുമാനം.
മാത്രമല്ല കേന്ദ്രമന്ത്രിസഭാ പുനസംഘടനയിൽ എന്തെങ്കിലും പ്രതിനിധ്യം ലഭിക്കുമെന്ന പ്രതീക്ഷ കേരള ഘടകത്തിനുണ്ട്. സംസ്ഥാന നേതാക്കളെ മലപ്പുറത്ത് നിർത്തി പരാജയപ്പെട്ടാൽ അത് ദേശീയ തലത്തിൽതന്നെ ചർച്ചയാകും.അതിനോട് സംസ്ഥാന നേതൃത്വത്തിന് താത്പര്യമില്ല. നിലവിൽ മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയായ വി. മുരളീധരന് കേന്ദ്രമന്ത്രിസ്ഥാനം കിട്ടും എന്ന് ശ്രുതിപരക്കുന്നുണ്ട്. പാർട്ടി ഘടകത്തിലും ഇത് ചർച്ചയാകുന്നുണ്ട്. ലീഗ് കോട്ടയിൽ മികച്ച പ്രകടനം എന്നത് വിദൂരമാണെന്നും നേതൃത്വം കരുതുന്നു.
അതുകൊണ്ടുതന്നെയാണ് പാർട്ടി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് പൂർണ പിന്തുണയുമായി മുരളീധരൻ രംഗത്തെത്തിയതും. മലപ്പുറത്തെ പോരാട്ടം ഗൗരവത്തിൽ എടുക്കേണ്ടെന്ന നിലപാടാണ് ഇരുവർക്കുമുള്ളത്. മാത്രമല്ല ശോഭാസുരേന്ദ്രൻ ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കൾ ആരെങ്കിലും മത്സരിച്ചാൽ ദേശീയ നേതാക്കളെവരെ പ്രചാരണരംഗത്തിറക്കേണ്ടിവരും. അതും തെരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധയാകർഷിക്കുന്നതിന് വഴിയൊരുക്കും. ഉപതെരഞ്ഞെടുപ്പിൽ പോലും ബിജെപിക്ക് ഏൽക്കുന്ന തോൽവി ദേശീയ മാധ്യമങ്ങൾ വലിയ വാർത്തയാക്കും. അതുപോലെ ദേശീയ നേതാക്കളുടെ പ്രചാരണവും ദേശീയശ്രദ്ധ ആകർഷിക്കും. നേരത്തെ സ്ഥാനാർഥിയാകുമെന്ന് പറഞ്ഞുകേട്ടിരുന്ന ശോഭാസുരേന്ദ്രനും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് താത്പര്യമില്ല.
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന ബിജെപി കോർ കമ്മിറ്റിയിൽ രൂക്ഷമായ തർക്കമുണ്ടായിരുന്നു. ബിജെപി സ്ഥാനാർഥിയെ ചൊല്ലി വ്യത്യസ്ത അഭിപ്രായങ്ങളുയർന്നതാണ് തർക്കത്തിന് ഇടയാക്കിയത്. സ്ഥാനാർഥിയെ സംബന്ധിച്ച് ചൊവ്വാഴ്ച ചേർന്ന കോർ കമ്മിറ്റിയിൽ തീരുമാനമായില്ല. കുമ്മനം രാജശേഖരന്റെ അധ്യക്ഷതയിലാണ് ബിജെപി കോർ കമ്മിറ്റി യോഗം ചേർന്നത്. മലപ്പുറത്തെ മത്സരം പാർട്ടി ഗൗരവത്തിലെടുക്കേണ്ടതില്ലെന്നും ഏതെങ്കിലും ജില്ലാ നേതാവിനെ സ്ഥാനാർഥിയാക്കിയാൽ മതിയെന്നും കുമ്മനം യോഗത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഇതിനെ ഒ.രാജഗോപാൽ എംഎൽഎ എതിർത്തു. പ്രമുഖനായ സ്ഥാനാർഥി വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
മലപ്പുറം ഉപതിരഞ്ഞെടുപ്പ് പാർട്ടി ഗൗരവത്തിലെടുക്കണമെന്നും പ്രമുഖരിൽ ആരെയെങ്കിലും മലപ്പുറത്ത് മത്സരിപ്പിക്കണമെന്നും ഒ രാജഗോപാൽ യോഗത്തിൽ ആവശ്യപ്പെട്ടു. മലപ്പുറത്ത് മൃദുസമീപനം സ്വീകരിച്ചാൽ കനത്തവില നൽകേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ വി.മുരളീധരൻ ഉൾപ്പെടെയുള്ളവർ കുമ്മനത്തെ പിന്തുണക്കുകയായിരുന്നു.