ആലപ്പുഴ: അയൽവാസി വീട്ടിൽ അതിക്രമിച്ചു കയറി കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവം പോലീസ് ഒതുക്കിയെന്ന പരാതിയുമായി പതിനാറുകാരി രംഗത്ത്. സംഭവം നടന്ന് മാസങ്ങൾക്കു ശേഷം പെണ്കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചതോടെ വിവാദമായിരുന്നു. പ്രതി അറസ്റ്റിലായെങ്കിലും ഇതുസംബന്ധിച്ച പരാതി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും ആലപ്പുഴ ജില്ലാ ശിശുസംരക്ഷണ ഓഫീസർക്കും ലഭിച്ചു.
വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് അയൽവാസിയായ യുവാവെത്തി കത്തി കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി. 2016-ലായിരുന്നു സംഭവം. പിന്നീട് ആത്മഹത്യയ്ക്കു ശ്രമിച്ചെങ്കിലും പരീക്ഷയിൽ മാർക്കു കുറഞ്ഞതിനാണെന്നാണ് പുറത്തറിഞ്ഞത്.ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ പെണ്കുട്ടി അയൽക്കാരിയായ സ്ത്രീയോടു സംഭവം പറയുകയായിരുന്നു.
ഇവർ വഴി പോലീസിൽ അറിയിച്ചെങ്കിലും സമ്മർദങ്ങൾക്കു വഴങ്ങി ഒത്തുതീർപ്പു ചർച്ചകൾ നടത്തുകയും ചെയ്തു. ആരോപണ വിധേയൻ ഇതിനിടെ മറ്റൊരു യുവതിയുമായി നാടുവിട്ടതോടെ പെണ്കുട്ടി വീണ്ടും ആത്മഹത്യയ്ക്കു ശ്രമിച്ചു. പിന്നീട് തൃക്കുന്നപ്പുഴ പോലീസിൽ പരാതിയും നല്കി. പീഡനം നടന്നാതായി സ്ഥിരീകരിച്ചതോടെ പ്രതി അറസ്റ്റിലായി. സംഭവം നടന്ന് ഒന്പതുമാസത്തിനു ശേഷമായിരുന്നു അറസ്റ്റ്. ഈ സാഹചര്യം വിവരിച്ചാണ് നാലുപേജുള്ള പരാതി ബാലാവകാശ കമ്മീഷനും ശിശുസംരക്ഷണ ഓഫീസർക്കു നല്കിയിട്ടുള്ളത്.