കേളകം: കൊട്ടിയൂര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് വയനാട് ശിശുക്ഷേമ സമിതി മുന്‍ അധ്യക്ഷന്‍ ഫാ.തോമസ് ജോസഫ് തേരകവും ശിശുക്ഷേമ സമിതി അംഗമായിരുന്ന ഡോ.സിസ്റ്റര്‍ ബെറ്റി ജോസും അനാഥാലയ മേധാവി സിസ്റ്റര്‍ ഒഫീലിയും കീഴടങ്ങി. അന്വേഷണ ഉദ്യോഗസ്ഥനായ പേരാവൂര്‍ സിഐ സുനില്‍ കുമാറിന്റെ മുന്നിലാണ് ഇവര്‍ കീഴടങ്ങിയത്. പ്രതിപ്പട്ടികയിലെ എട്ട്, ഒന്‍പത്, 10 പ്രതികളാണ് കീഴടങ്ങിയത്. കേസിലെ രണ്ടാം പ്രതി തങ്കമ്മ കീഴടങ്ങിയില്ല.
ഇന്നു രാവിലെ 6.15 ഓടെ ഫാ. തോമസ് തേരകമാണ് ആദ്യം എത്തിയത്. പിന്നീട് ആറരയോടെ സിസ്റ്റര്‍ ബെറ്റിയും ഏഴോടെ സിസ്റ്റര്‍ ഒഫീലിയയും എത്തി. ഫാ. തോമസ് തേരകം, സിസ്റ്റര്‍ ഒഫീലിയ, സിസ്റ്റര്‍ ബെറ്റി ജോസ്, തങ്കമ്മ എന്നീ നാലു പ്രതികളോട് അഞ്ചുദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ ഇവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി ചൊവ്വാഴ്ച നിര്‍ദേശിച്ചിരുന്നു. ഹാജരാകുന്ന അന്നു തന്നെ ജാമ്യം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ശിശുക്ഷേമസമിതി അംഗമായിരുന്നു സിസ്റ്റര്‍ ബെറ്റി ജോസ്. വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ബാലികാമന്ദിരം സൂപ്രണ്ടാണ് സിസ്റ്റര്‍ ഒഫീലിയ.
പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തില്‍ എത്തിച്ചതുമായി ബന്ധപ്പെട്ട നടപടികളില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് വയനാട് ശിശുക്ഷേമസമതി ചെയര്മാന് ഫാ.തോമസ് ജോസഫ് തേരകത്തിനും മറ്റ് രണ്ട് കന്യാസ്ത്രീകള്‍ക്കും എതിരെ പോലീസ് കേസെടുത്തിരുന്നത്. കുഞ്ഞിനെ ഏറ്റെടുക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വയനാട് സിഡബ്ല്യുസിയെ സര്‍ക്കാര്‍ പിരിച്ചു വിട്ട് പുതിയ നേതൃത്വത്തെ നിയോഗിച്ചിരുന്നു. കീഴടങ്ങിയ പ്രതികളെ ഉച്ചയോടെ തലശേരി കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടും.