തൃശൂർ: പാമ്പാടി നെഹ്റു കോളജിലെ ചെയർമാനും പിആർഒയുമാണ് കാര്യങ്ങൾ എല്ലാം തീരുമാനിച്ചിരുന്നതെന്നും പല കാര്യങ്ങളും നടന്നതിനുശേഷമേ താൻ അറിഞ്ഞിരുന്നുള്ളൂവെന്നും കോളജ് പ്രിൻസിപ്പൽ എ.എസ്. വരദരാജ് കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ പറഞ്ഞു. കോളജ് വൈസ് പ്രിൻസിപ്പൽ എൻ.കെ.ശക്തിവേൽ, അസിസ്റ്റന്റ് പ്രഫസർ സി.പി.പ്രവീണ്‍ എന്നിവർ ഇവർക്കു സഹായികളായി നിൽക്കുകയായിരുന്നെന്നും പ്രിൻസിപ്പൽ നൽകിയ രഹസ്യമൊഴി ഇന്നലെ പ്രോസിക്യൂഷൻ കോടതിയിൽ വായിച്ചു.
വിദ്യാർഥി ജിഷ്ണുവിന്റെ ദുരൂഹമരണത്തിൽ മൂന്നും നാലും പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്നു വിധി പറയാനിരിക്കെ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്നലെ നടന്ന അന്തിമവാദത്തിലാണ് പ്രോസിക്യൂഷൻ കോളജ് പ്രിൻസിപ്പലിന്റെ രഹസ്യമൊഴി കോടതിയിൽ വായിച്ചത്.കോളജ് വൈസ് പ്രിൻസിപ്പൽ എൻ.കെ.ശക്തിവേൽ, അസിസ്റ്റന്റ് പ്രഫസർ സി.പി.പ്രവീണ്‍ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകളിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇരുവിഭാഗത്തിന്റെ അന്തിമ വാദവും പൂർത്തിയായി.
അന്തിമ വാദത്തിൽ പ്രതിഭാഗത്തിന്റെ ആരോപണങ്ങളെ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ എതിർത്തു. അധ്യാപകർ ഗുണ്ടകളെപ്പോലെയാണ് പെരുമാറുന്നതെന്നു വിദ്യാർഥികളുടെ പരാതികളും സാക്ഷിമൊഴികളുമുണ്ടെന്നു പ്രോസിക്യൂഷൻ വാദിച്ചു. കോളജ് പ്രിൻസിപ്പൽ എ.എസ്.വരദരാജൻ നല്കിയ രഹസ്യമൊഴിയും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. കോളജ് ആണോ പോലീസ് സ്റ്റേഷൻ ആണോ എന്നു സംശയിപ്പിക്കുംവിധമായിരുന്നു ഇവിടത്തെ ഇവരുടെ പെരുമാറ്റമെന്നും പ്രോസിക്യൂഷൻ വാദിച്ചു.