ബംഗളൂരു: ബസ് ഓടിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടെങ്കിലും മനഃസാന്നിധ്യം കൈവിടാതെ വാഹനം നിർത്തി യാത്രക്കാരെ രക്ഷപ്പെടുത്തിയ ഡ്രൈവർ ഒടുവിൽ മരണത്തിനു കീഴടങ്ങി. കർണാടകയിലെ തുംകുർ ജില്ലയിലെ ലക്കനഹള്ളിയിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. മധുഗിരി സ്വദേശി നാഗരാജുവാണ് (55) മരിച്ചത്.
ബസ് ലക്കനഹള്ളിയിലെത്തിയപ്പോഴായിരുന്നു നാഗരാജുവിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻതന്നെ അദ്ദേഹം കണ്ടക്ടറോട് വിവരം പറയുകയും ബസ് റോഡ് അരുകിലേക്ക് മാറ്റിനിർത്തുകയും ചെയ്തു. നാഗരാജുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. സംഭവം നടക്കുന്പോൾ ബസിൽ അറുപതോളം യാത്രക്കാരുണ്ടായിരുന്നു.