കുണ്ടറയില്‍ പീഡനത്തിന് ഇരയായ ആറാംക്ലാസുകാരി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയേയും മുത്തച്ഛനേയും ചോദ്യം ചെയ്യുന്നു. ഇവരെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് പോലീസ് സംഘം നടത്തിവരുന്നത്. ഇവര്‍ അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കാത്ത സാഹചര്യം പോലീസിനെ വലച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇവരെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതിക്ക് അപേക്ഷനല്‍കി. കേസുമായി ബന്ധപ്പെട്ട് ബന്ധുക്കളടക്കം നിരവധിപേരെ ചോദ്യം ചെയ്തിരുന്നു. അവരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയുടെ മാതാവിനേയും മുത്തച്ഛനേയും കസ്റ്റഡിയിലെടുത്തത്.
സംഭവത്തില്‍ പിതാവിനെ കുട്ടികളുടെ മുത്തച്ഛന്‍ അകറ്റി നിര്‍ത്താന്‍ കാരണമായത് കുട്ടികളെ പീഡിപ്പിക്കാനുള്ള സൗകര്യത്തിന് വേണ്ടിയായിരുന്നെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന സംശയം. സമാന കേസുകള്‍ മുത്തച്ഛനെതിരേ നേരത്തേയും ഉണ്ടായിട്ടുള്ളത് സംശയാസ്പദമായ സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. പിതാവിനെ വീട്ടില്‍ നിന്നും അകറ്റുന്നതിനായി മകളെ പീഡിപ്പിച്ചതായി അമ്മയെക്കൊണ്ടു മുത്തച്ഛന്‍ തന്നെ കേസ് കൊടുപ്പിച്ചതാണെന്നും സംശയിക്കുന്നു. വീട്ടില്‍ മുത്തച്ഛനല്ലാതെ മറ്റ് പുരുഷന്മാര്‍ ആരുമില്ല എന്നതും അയല്‍ക്കാര്‍ ആരും തന്നെ വീട്ടില്‍ വരാറില്ല എന്നതും സംശയത്തിന് ഇടനല്‍കുന്നു. ജോസിന്റെയും മുത്തച്ഛന്റെയും വീടുകള്‍ തമ്മില്‍ വലിയ അകലമില്ല എന്നതിന് പുറമേ ഇടയ്ക്കിടെ കുട്ടികളെ മുത്തച്ഛന്‍ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു. ഇക്കാര്യത്തിലെല്ലാം അന്വേഷണം നടക്കാനിരിക്കുകയാണ്. ഇതിനിടയില്‍ ആത്മഹത്യാ കുറിപ്പ് എന്ന ആമുഖത്തോടെ കണ്ടെത്തിയ കത്ത് വ്യാജമാണെന്ന പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
കൊട്ടാരക്കര റൂറല്‍ എസ്പി കെ.സുരേന്ദ്രന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്. കസ്റ്റഡിയിലുള്ള ചിലരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. കുട്ടിയുടെ ആത്മഹത്യാകുറിപ്പിന്‍റെ ഫോറന്‍സിക് റിപ്പോര്‍ട്ട് ഇന്ന് ലഭിച്ചേക്കുമെന്നാണ് സൂചന. ആത്മഹത്യാകുറിപ്പ് വ്യാജമാണെന്ന് പോലീസിന് നേരത്തെ തന്നെ സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് വരുന്നതുവരെ അക്കാര്യത്തില്‍ മൗനംപാലിക്കുകയാണ്. കഴിഞ്ഞ ജനുവരി 15നാണ് നാന്തിരിക്കല്‍ സ്വദേശിനിയായ ആറാംക്ലാസുകാരി മരിച്ചത്. പെണ്‍കുട്ടി നിരന്തരമായ പീഡനത്തിന് ഇരയായിരുന്നു. സ്വകാര്യഭാഗങ്ങളിലടക്കം നിരവധി മുറിവുകളുണ്ടായിരുന്നതായും കണ്ടെത്തിയിരുന്നു. രണ്ടുമാസം കഴിഞ്ഞിട്ടും പോലീസ് അന്വേഷണത്തില്‍ യാതൊരു താല്‍പ്പര്യവും കാണിച്ചിരുന്നില്ല. പെണ്‍കുട്ടിയുടെ പിതാവ് ജോസ് മുഖ്യമന്ത്രിക്കുംഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതിനല്‍കുകയും ജനരോഷം ഉയരുകയും ചെയ്തതോടെയാണ് കേസ് തലപൊക്കിയത്. രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. പുതുതായി അന്വേഷണം ഏറ്റെടുത്ത റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വളരെ ശക്തമായാണ് മുന്നോട്ടുപോകുന്നത്. രണ്ടുദിവസത്തിനുള്ളില്‍ പ്രതികള്‍ കുടുങ്ങുമെന്നാണ് സൂചന. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യുന്നതിനായി റൂറല്‍ എസ്പി ഓഫീസിലേക്ക് മാറ്റിയിരുന്നു.