കടുത്തുരുത്തി: സഹോദരങ്ങളായ വിദ്യാർഥിനികളെ ശാരീരികമായി ഉപദ്രവിച്ച കേസിൽ അറസ്റ്റിലായ ബന്ധുവിനെ റിമാൻഡ് ചെയ്തു. കടുത്തുരുത്തി ചിതാന്തിയേൽ താമസിക്കുന്ന തൃശൂർ സ്വദേശിയായ സനോജ് (32) ആണ് റിമാൻഡിലായത്. പതിനൊന്നും പന്ത്രണ്ടും വയസുള്ള പെണ്‍ക്കുട്ടികളാണ് ഇയാളുടെ ഉപദ്രവത്തിന് ഇരയായത്.
പ്രതിയുടെ ഭാര്യയുടെ ബന്ധുക്കളാണ് പെണ്‍ക്കുട്ടികൾ. പ്രതിയുടെ ഭാര്യ പ്രസവത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. ഈ സമയത്ത് പ്രതിയുടെ വീട്ടിലെ നായക്കുട്ടിക്ക് തീറ്റ നൽകാനെത്തിയ പെണ്‍ക്കുട്ടികളെ വീടിനകത്തേക്കു കൂട്ടിക്കൊണ്ടു പോയാണ് ഇയാൾ പീഡനം നടത്തിയത്. വ്യാഴാഴ്ച്ചയാണ് സംഭവം ഉണ്ടായത്.
പ്രതി തങ്ങളെ ഉപദ്രവിച്ച കാര്യം പെണ്ക്കുട്ടികളിലൊരാൾ അമ്മയെ അറിയിക്കുകയുമായിരുന്നു. തുടർന്ന് രക്ഷിതാക്കൾ വാർഡ് മെന്പറെയും മെന്പർ കടുത്തുരുത്തി പോലീസിനെയും അറിയിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഭാര്യയ്ക്കൊപ്പമായിരുന്ന പ്രതിയെ ഇവിടെ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.