മങ്കൊന്പ്: തോമസ് ചാണ്ടി എംഎൽഎയുടെ നേതൃത്വത്തിൽ ഇടതുമുന്നണി സർക്കാർ നടത്തുന്ന വികസന മുന്നേറ്റം കണ്ട് വിറളി പിടിച്ചതിനാലാണ് ഉറക്കമിളിച്ച് രാവും പകലും എംപിയുടെ നേതൃത്വത്തിൽ യുഡിഎഫ് റോഡിൽ ഇരിക്കുന്നതെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ. എംഎൽഎയുടെ ശ്രമഫലമായി മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരായ തോമസ് ഐസക്, ജി. സുധാകരൻ, മാത്യു ടി. തോമസ്, ഇ. ചന്ദ്രശേഖരൻ ഉൾപ്പടെയുള്ളവർ പ്രത്യേക താല്പര്യത്തോടെ കുട്ടനാടിന്റെ വികസനത്തിനു നിരവധി പദ്ധതികൾക്കാണ് അനുമതി നൽകിയിരിക്കുന്നത്.
യുഡിഎഫ് സർക്കാരിന് അഞ്ചുവർഷം കൊണ്ട് കഴിയാത്ത കാര്യങ്ങൾ എൽഡിഎഫ് കേവലം പത്തുമാസം കൊണ്ട് തോമസ് ചാണ്ടി എംഎൽഎക്ക് നേടിയെടുക്കാൻ കഴിഞ്ഞു. കുട്ടനാട് പാക്കേജ് ഇല്ലായ്മ ചെയ്തവർ തന്നെ രാപ്പകൽ സമരവുമായി ഇറങ്ങിയിരിക്കുന്നത് വിരോധാഭാസമാണെന്നും ഉഴവൂർ വിജയൻ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ഏറ്റവും നല്ല പ്രവർത്തനത്തിനു സ്പീക്കറുടെ പ്രത്യേക പരാമർശം തോമസ് ചാണ്ടി എംഎൽഎക്കു നേടുവാൻ കഴിഞ്ഞു. ഇത് കുട്ടനാടിന് അഭിമാനകരമാണെന്നും പ്രതീക്ഷകൾ പൂവണിയുന്ന നല്ല ദിനങ്ങളായിരിക്കും ഇനി വരവാനിരിക്കുന്നതെന്നും ഉഴവൂർ വിജയൻ പറഞ്ഞു. നെടുമുടി, കൈനകരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് ഉഴവൂർ വിജയൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.