d പീരുമേട്: ഗ്രാമപഞ്ചായത്തിൽ സർക്കാർ മദ്യവിൽപനശാല ആരംഭിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സ്‌ഥലം കണ്ടെത്തി നല്കുമെന്ന് പഞ്ചായത്ത് ഭരണസമിതി പത്രസമ്മേളനത്തിൽ അറിയിച്ചു. ഗ്രാമപഞ്ചായത്തിന്‍റെ പരിധിയിലെ കല്ലാർ, ഗ്ലെൻമേരി എന്നിവിടങ്ങളിലെ ജനവാസ മേഖലകളിൽ മദ്യവിൽപനശാല സ്‌ഥാപിക്കുന്നതിനെതിരെ ജനരോക്ഷം ഉയരുകയും നാട്ടുകർ പ്രക്ഷോഭ സമരങ്ങൾ നടത്തുകയുമാണ്.
വിനോദ സഞ്ചാര മേഖലയായതിനാലും ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്‌ഥാപനങ്ങളും പരിസരത്തുള്ളതിനാൽ ഇവിടെ മദ്യവിൽപനശാല സ്‌ഥാപിക്കരുതെന്ന് ഭരണസമതിയും പ്രമേയം പാസാക്കിയിരുന്നു. ഇതിനെതുടർന്ന് മദ്യവിൽപനശാലയെ അനുകൂലിക്കുന്നവർ പഞ്ചായത്തിൽ മദ്യവിൽപനശാല വേണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നതിനാൽ പഞ്ചായത്ത് ഭരണസമതി സ്‌ഥലം കണ്ടെത്തി നല്കുവാൻ തീരുമാനിച്ചു. ജനവാസ മേഖലയല്ലാത്ത സ്‌ഥലമായിരിക്കും പഞ്ചായത്ത് മദ്യ വിൽപനശാലയ്ക്കായി കണ്ടെത്തി നല്കുന്നത്.
വിനോദസഞ്ചാര മേഖലയായ പീരുമേട്ടിൽ മദ്യവിൽപനശാല സ്‌ഥാപിക്കുന്നതിനാവശ്യമായ സഹായം ബിവേറജസ് കോർപറേഷനു ചെയ്യുമെന്ന് പഞ്ചായത്ത് ഭരണസമതി അറിയിച്ചു. ജനവാസ മേഖലയെ ഒഴിവാക്കി മദ്യവിൽപനശാല സ്‌ഥാപിക്കുവാൻ അനുയോജ്യമായ സ്‌ഥലം കണ്ടെത്തി നല്കാൻ തയാറാണന്നുകാണിച്ച് വകുപ്പ് മന്ത്രിക്കും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്കും ജില്ലാ കളക്ടർക്കും ഇ–മെയിൽ മുഖേന അറിയിച്ചതായും പഞ്ചായത്ത് അധികൃതർ അറിയിച്ചു. പത്രസമ്മേളനത്തിൽ പഞ്ചായത്ത് ഭരണ സമതിയിലെ എല്ലാ ജനപ്രതിനിധികളും പങ്കെടുത്തു.