കൊച്ചിയില്‍ സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി മരിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ചെന്നൈയില്‍ പഠിക്കുന്ന കൂട്ടുകാരി രംഗത്ത്. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് ക്രോണിന്-മിഷേല്‍ ബന്ധത്തെക്കുറിച്ചും അവര്‍ തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങളെക്കുറിച്ചും കൂട്ടുകാരി മനസുതുറന്നത്. ചെന്നൈയില്‍ പഠിക്കുന്ന ഈ സുഹൃത്ത് മിഷേലിന്റെ ബാല്യകാല സുഹൃത്ത് കൂടിയാണ്. ഒരിക്കല്‍ കാണാന്‍ വന്നപ്പോള്‍ ഹോസ്റ്റലിന്റെ സമീപത്തുവെച്ച് ക്രോണിന് മിഷേലിനെ ആക്രമിച്ചുവെന്നും കൂട്ടുകാരി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ക്രോണിനില്‍ നിന്ന് നിരന്തരം സമ്മര്‍ദ്ദം ഉണ്ടായിരുന്നു. എന്നാല്‍ ക്രോണിനില്‍ നിന്ന് വലിയ സമ്മര്‍ദ്ദം നേരിട്ടപ്പോഴൊക്കെ മിഷേല്‍ പിടിച്ചു നിന്നിരുന്നെന്നും അതിനാല്‍ തന്നെ ഇപ്പോള്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയില്ലെന്നും സുഹൃത്ത് വ്യക്തമാക്കുന്നു.
സുഹൃത്ത് പറയുന്നതിങ്ങനെ- എന്നെ അഞ്ചാം തീയതി മോര്‍ണിങ് വിളിച്ചപ്പോള്‍ പ്രശ്നമൊന്നുമുണ്ടായിരുന്നില്ല. ഭയങ്കര ഹാപ്പിയായിട്ടാണ് സംസാരിച്ചത്. അപ്പോ, അങ്ങനെയെന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ പറയാതിരിക്കുമോ? മെസേജിന്റെ കാര്യമൊക്കെ പറയാന്‍ ചിലപ്പോള്‍ അവള് മറന്നുപോയതായിരിക്കും. പക്ഷേ, എന്നാലും ടെന്‍ഷന്‍ ആയിട്ടൊന്നുമല്ല സംസാരിച്ചത്. ഭയങ്കര കൂളായിട്ടാ സംസാരിച്ചത്.
ഇതിനുമുന്‍പ് ഒരുപാട് പ്രശ്നം നേരത്തേ ഉണ്ടായിട്ടുണ്ട്. കാരണം എന്താന്നുവച്ചാല് ഇവരുതമ്മില് ഇതുപോലെ ഞങ്ങളു പഠിച്ച സമയത്തു ഒരു ദിവസം കാണാന്‍ വന്നിട്ടുണ്ടായിരുന്നു. അവര്‍ തമ്മില്‍ എന്തോ വഴക്കിട്ടശേഷമാണ് അവന് കാണാന്‍ വന്നത്. ഇവള് ഫോണില്‍ വിളിച്ചിട്ട് എടുത്തില്ല. ആ ദേഷ്യത്തിലാണ് ഇവളെ കാണാന്‍ വന്നത്. ആ സമയത്ത് ഇവരുതമ്മില് സംസാരിക്കുമ്പോള്‍ ഇവളെ അടിച്ചിട്ടൊക്കെയുള്ളതാ. അപ്പോ അത്രയും വലിയ പ്രശ്നത്തിനിടയ്ക്ക് ഇവള് ഒന്നും ചെയ്യാതെ പിടിച്ചു നില്ക്കാമെങ്കില് പിന്നെ ഇപ്പോഴാണോ പ്രശ്നം വരുന്നെ?.
അവളങ്ങനെ പോകുവാണെങ്കില്‍ ബാഗ് കൊണ്ടെന്തിനാ പോകുന്നെ ആത്മഹത്യ ചെയ്യാന്‍. പള്ളിയില്‍ പോയപ്പോള്‍ ബാഗ് കൊണ്ടല്ലേ പോയത്? അങ്ങനെ ആത്മഹത്യ ചെയ്യാന്‍ പോയ ആള് എന്തിനാ ബാഗ് കൊണ്ടുപോകുന്നേ? സാധാരണ ഇപ്പോ അവള് പള്ളിയില്‍പ്പോയി കഴിയുവാണെങ്കില്‍ പ്രാര്‍ത്ഥിച്ച് കഴിയുമ്പോള്‍ പുറത്തിറങ്ങി കരയാറുള്ളതാ. ഞാനും അവളോടൊപ്പം ഇടയ്ക്കിടെ പള്ളി പോകാറുള്ളതാ. ഇപ്പോ യൂഷ്വലി നോര്മിലി ഒക്കെയായിട്ടാണ് ഇറങ്ങിയത്. ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. ഞാന്‍ 27നു വരുമ്പോള്‍ കാണാമെന്നൊക്കെ പറഞ്ഞിരുന്നതാ- കൂട്ടുകാരി പറയുന്നു.