കൊച്ചി: ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ വ്യാജ രസീത് നിർമിച്ച് പിരിവ് നടത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിലായി. എറണാകുളം കുത്താപ്പിള്ളി പള്ളിവേട്ട രവീന്ദ്രൻ (51), ഇയാൾക്ക് സമ്മേളന രസീത് സംഘടിപ്പിച്ച് നൽകിയ ഡിവൈഎഫ്ഐ പ്രവർത്തകൻ പനന്പിള്ളി നഗർ ഫ്രണ്ട്ഷിപ്പ് കോളനിയിൽ മനോജ് (34), വൈറ്റിലയിൽ കംപ്യൂട്ടർ സ്ഥാപനം നടത്തുന്ന എരൂർ പല്ലിമറ്റം റോസ് അപ്പാർട്ട്മെന്റിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശി രാജേഷ്കുമാർ (39) എന്നിവരാണ് പിടിയിലായത്.
മനോജാണ് വ്യാജമായി രസീത് നിർമിക്കുന്നതിന് ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ യഥാർഥ രസീത് സംഘടിപ്പിച്ച് നൽകിയത്. രാജേഷ് കുമാറാണ് വ്യാജ രസീതുകൾ തയാറാക്കിയത്. സമ്മേളനത്തോടനുബന്ധിച്ച് പണം സ്വരൂപിക്കുന്നതിനായി നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാര കേന്ദ്രത്തിൽ ഡിവൈഎഫ്ഐ നേതാക്കൾ എത്തിയപ്പോഴാണ് ആരോ വ്യാജ രസീതുകൾ ഉപയോഗിച്ച് പിരിവ് നടത്തിയതായി അറിഞ്ഞത്.
സമ്മേളനം കഴിഞ്ഞിട്ടും പണം ലഭിക്കാതായതോടെ ഡിവൈഎഫ്ഐ കൊച്ചി സിറ്റി പ്രസിഡന്റും സെക്രട്ടറിയും നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് പ്രതികൾ കുടുങ്ങിയത്.പ്രതി രവീന്ദ്രൻ മറ്റ് പ്രമുഖ പാർട്ടികളുടേയും വ്യാജ രസീതുകൾ നിർമിച്ച് ഇത്തരത്തിൽ പിരിവ് നടത്തിയിട്ടുള്ളതായും പോലീസ് പറഞ്ഞു.
മനോജാണ് ഇത്തരം കേസുകളിൽ സഹായിച്ചിരുന്നത്. സെൻട്രൽ സിഐ എ. അനന്തലാൽ, എസ്ഐമാരായ അജിത് കുമാർ, സാജു.കെ.വർക്കി, എഎസ്ഐ അനിൽ, സീനിയർ സിപിഒമാരായ ജബ്ബാർ, പൗലോസ്, സെബാസ്റ്റ്യൻ എന്നിവരുൾപ്പെടുന്ന സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.