ഇക്കാലത്ത് ഓരോ യുവതീയുവാക്കളുടെയും സ്വപ്‌നമാണ് ഒരു സര്‍ക്കാര്‍ ജോലി സ്വന്തമാക്കുക എന്നത്. എന്നാല്‍ ഇത്തരക്കാരെ നിരാശപ്പെടുത്തുന്ന ഒരു കാര്യമാണ് സിവില്‍ സര്‍വീസ് വിജയിയായ ജമ്മു കാഷ്മീര്‍ സ്വദേശി ഷാ ഫൈസല്‍ പറയുന്നത്. സര്‍ക്കാര്‍ ജോലി അടിമപ്പണിയാണെന്നാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ജമ്മു കാഷ്മീര്‍ സ്വദേശി ഷാ ഫൈസലിന്റെ അഭിപ്രായം. സ്വയം തൊഴില്‍ സംരഭങ്ങളിലേയ്ക്ക് തിരിയുന്നതാണ് ഭേദമെന്നും സ്വാതന്ത്ര്യം നല്‍കുന്നത് അത്തരം ജോലികളാണെന്നും ഷാ അഭിപ്രായപ്പെടുന്നുണ്ട്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാ ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്.
ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം ഒരു സര്‍ക്കാര്‍ ജോലി സ്വന്തമാക്കുക എന്നതാണെന്ന രീതിയില്‍ നടക്കുന്നവരെ ഉദ്ദേശിച്ചാണ് താനിത് പറയുന്നതെന്നും ഷാ വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാര്‍ ജോലിക്ക് പുറത്തും വലിയ അവസരങ്ങള്‍ ഒരുപാടുണ്ട്. പിഎച്ച്ഡിക്കാര്‍ പോലും പ്യൂണ്‍ ജോലിക്ക് അപേക്ഷിക്കുന്ന കാലമാണിത്. ഇത് തെറ്റായ രീതിയാണ്. സ്ഥിരത, അധികാരം എന്നിവയെക്കാള്‍ ക്രിയാത്മകതയെയാണ് കൂടെകൂട്ടേണ്ടതെന്നും ഷാ ഫൈസല്‍ പറഞ്ഞു. യുവാക്കള്‍ സ്വയം തൊഴില്‍, സ്റ്റാര്‍ട്ട് അപ് സംരഭങ്ങള്‍ ആരംഭിക്കുന്നതാണ് നല്ലതെന്ന് പറയാന്‍ എനിക്ക് ശക്തമായ കാരണങ്ങളുണ്ട്. ഷാ പറഞ്ഞു.
അത് ഒരു മനുഷ്യന് പരിപൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നു. സര്‍ക്കാര്‍ സര്‍വീസ് കൊണ്ടുള്ള സ്വാതന്ത്ര്യം വയറിനു മാത്രമാണ്. അത് മനസ്സുകൊണ്ടും കണ്ണുകൊണ്ടും നാവു കൊണ്ടും കൈകൊണ്ടും കാലുകൊണ്ടുമുള്ള അടിമത്വമാണ്. 2009ലാണ് ഷാ ഫൈസല്‍ ഒന്നാം റാങ്കോടെ സിവില്‍ സര്‍വീസ് പരീക്ഷ പാസ് ആയത്. വര്‍ഷങ്ങള്‍ക്കുശേഷമായിരുന്നു ജമ്മു കശ്മീരില്‍ നിന്നൊരാള്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയത്. റാങ്ക് നേട്ടത്തെ തുടര്‍ന്ന് ഫൈസലിനെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അനുമോദിക്കുകയും ചെയ്തിരുന്നു.