കൊച്ചി: സിഎ വിദ്യാർഥിനി മിഷേൽ ഷാജിയെ കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മിഷേലിന്റെ മൊബൈൽ ഫോണും ബാഗും കണ്ടെത്താൻ കായലിൽ തെരച്ചിൽ നടത്തും.
മുങ്ങൽ വിദഗ്ധരുടെയും മത്സ്യത്തൊഴിലാളികളുടെയും സഹായത്തോടെ പരിശോധന നടത്താനാണ് ആലോചിക്കുന്നതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. മിഷേലിന്റെ ഫോണും ബാഗും കണ്ടെത്തുക എന്നത് കേസിൽ നിർണായകമാണ്. ആത്മഹത്യ തന്നെയാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. പോലീസിന് ആദ്യം ലഭിച്ച സിസിടിവി ദൃശ്യത്തിൽ മിഷേലിന്റെ സമീപത്തുകൂടി ഒരു ബൈക്ക് കടന്നുപോകുന്നത് സംശയമുയർത്തിയിരുന്നു.
എന്നാൽ, പിന്നീട് ലഭിച്ച ദൃശ്യങ്ങളിൽ ഇങ്ങനെയൊരു ബൈക്ക് കണ്ടെത്താനായില്ല. അതിനാൽ ഇത് യാദൃച്ഛികമായിരിക്കുമെന്ന കണക്കുകൂട്ടലിലാണ് പോലീസ്. ക്രൈംബ്രാഞ്ചും ഇതേ നിഗമനത്തിലാണ്. എന്നാലും ഈ ബൈക്ക് കണ്ടെത്തി ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
ഇതിനായി കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. ഹൈക്കോടതി ജംഗ്ഷനിലെത്തി മിഷേൽ നടന്നുപോകുന്ന ദൃശ്യങ്ങൾ ക്രൈംബ്രാഞ്ചിനു ലഭിച്ചിട്ടുണ്ട്. ഈ പരിസരത്തുള്ള കൂടുതൽ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞദിവസം ശേഖരിച്ചു. ദിവസങ്ങൾ പിന്നിട്ടതുകൊണ്ട് ചില കാമറകളിലെ ദൃശ്യങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള ക്രോണിന്റെ വീട്ടിലും ചത്തീസ്ഗഡിലെ താമസ സ്ഥലത്തും ക്രൈംബ്രാഞ്ച് പരിശോധന നടത്തും. മറ്റേതെങ്കിലും ഫോണോ സിം കാർഡോ ക്രോണിൻ ഉപയോഗിച്ചിരുന്നോ എന്നും എന്തെങ്കിലും ദൃശ്യങ്ങളോ ചിത്രങ്ങളോ കരുതിയിട്ടുണ്ടോ എന്നു കണ്ടെത്തുന്നതിനാണിത്.
ക്രോണിൻ മുന്പ് മിഷേലിനെ ഉപദ്രവിച്ചതായി മിഷേലിന്റെ സുഹൃത്ത് അന്വേഷണസംഘത്തിനു മൊഴി നല്കിയിട്ടുണ്ട്. ഹോസ്റ്റലിനു സമീപത്തുവച്ച് ക്രോണിൻ മർദിച്ചെന്ന് മിഷേൽ പറഞ്ഞതായാണ് സുഹൃത്തിന്റെ മൊഴി. എന്നാൽ ഇക്കാര്യം ക്രോണിൻ നിഷേധിച്ചിട്ടുണ്ട്.