പൃഥ്വിരാജ് വില്ലനായി അഭിനയിക്കുന്ന ബോളിവുഡ് സിനിമ നാം ശബാനയുടെ പുതിയ രണ്ടാമത്തെ ട്രെയിലർ പുറത്തിറങ്ങി. തപ്സി പന്നു ടൈറ്റിൽ റോളിലെത്തുന്ന ചിത്രം ഷിവം നായരാണ് സംവിധാനം ചെയ്തിരിക്കുന്നത്. 2015ൽ നീരജ് പാണ്ഡെ അക്ഷയ് കുമാറിനെ നായകനാക്കി സംവിധാനം ചെയ്ത ബേബി എന്ന ചിത്രത്തിലെ ഷബാന എന്ന കഥാപാത്രത്തിന്റെ കഥയാണ് നാം ഷബാന എന്ന സിനിമയുടെ ഇതിവൃത്തം.
ഇന്ത്യൻ സുരക്ഷാ സേനയുടെ സംഭവബഹുലമായ ദൗത്യങ്ങളെ ആധാരമാക്കി നിർമ്മിക്കുന്ന ചിത്രത്തിൽ ആയുധ കച്ചവടക്കാരനായ ടോണി വില്ലനായാണ് പൃഥ്വിരാജ് പ്രത്യക്ഷപ്പെടുക. അയ്യാ, ഒൗറംഗബാദ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ച പൃഥ്വിരാജ് ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഹിന്ദി സിനിമയിൽ അഭിനയിക്കുന്നത്.
നീരജ് പാണ്ഡെ തിരക്കഥ രചിക്കുന്ന ചിത്രത്തിൽ അനുപം ഖേർ, മനോജ് ബാജ്പെയ്, ഡാനി ഡെൻസോഗപ്പാ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അക്ഷയ് കുമാർ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. കേപ്പ് ഓഫ് ഗൂഡ് ഫിലിംസ്, പ്ലാൻ സി സ്റ്റുഡിയോസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം 31ന് തിയറ്ററുകളിലെത്തും.