കാസർഗോഡ്: മദ്രസ അധ്യാപകനെ താമസസ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കാസർഗോഡ് പഴയ ചൂരിയിലെ ഇസ്സത്തുൽ ഇസ്ലാം മദ്രസയില അധ്യാപകനും പള്ളി മുഅദ്ദിനുമായ കർണാടക കുടക് സ്വദേശി റിയാസ് മൗലവി (30) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം.
പള്ളിയോട് അനുബന്ധിച്ചുള്ള രണ്ടു മുറികളിൽ ഒരു മുറിയിലാണ് റിയാസ് കിടന്നിരുന്നത്. തൊട്ടടുത്ത മുറിയിൽ പള്ളി ഖത്തീബ് അബ്ദുൾ അസീസ് മുസ്ലിയാരാണ് താമസിക്കുന്നത്. അർധ രാത്രിയോടെ ശബ്ദം കേട്ട് ഖത്തീബ് മുറി തുറന്നപ്പോൾ തുടർച്ചയായി കല്ലേറുണ്ടായതോടെ താൻ മുറിയടച്ചതായി അസീസ് മുസ്ലിയാർ പറഞ്ഞു. തുടർന്ന് അക്രമം നടന്നതായി മൈക്കിലൂടെ അനൗണ്സ് ചെയ്തു. നാട്ടുകാർ എത്തിയപ്പോൾ റിയാസിനെ കഴുത്തറുത്ത് ചോരയിൽ കുളിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തുകയുമായിരുന്നു.
കേസന്വേഷണ നടപടികൾക്കായി ഉത്തരമേഖലാ എഡിജിപി രാജേഷ് ദിവാൻ, ഐജി മഹിപാൽ രാത്രി തന്നെ കാസർഗോട്ടെത്തി. മൃതദേഹം സൂക്ഷിച്ചിരുന്ന കാസർഗോഡ് ജനറൽ ആശുപത്രിയിലെത്തിയ അദ്ദേഹം ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തി. എൻ.എ.നെല്ലിക്കുന്ന് എംഎൽഎ, ജില്ലാ കലക്ടർ കെ.ജീവൻബാബു, ഡിവൈഎസ്പി എം.വി.സുകുമാരൻ, സി ഐ അബ്ദുൾ റഹീം, എസ്ഐ അജിത് കുമാർ എന്നിവർ സംഭവസ്ഥലത്തെത്തി. കൊലപാതകം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മൃതദേഹം വിദഗ്ധ പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
മുസ്ലിംലീഗ് ഹർത്താൽ തുടങ്ങി
റിയാസ് മൗലവിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നു കാസർഗോഡ് നിയോജക മണ്ഡലത്തിൽ മുസ്ലിം ലീഗ് ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകുന്നേരം ആറു മണി വരെയാണ് ഹർത്താൽ. എസ്എസ് എൽസി, പ്ലസ്ടു പരീക്ഷകൾ നടക്കുന്നതിനാൽ പരീക്ഷാർത്ഥികൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിലും, ആശുപത്രി, പത്രം, പാൽ തുടങ്ങിയവയെ ബാധിക്കാത്ത രീതിയിലും സമാധാനപരമായിരിക്കണം ഹർത്താലെന്ന് ലീഗ് മണ്ഡലം പ്രസിഡന്റ് എൽ.എ.മഹ്മൂദ് ഹാജി, സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെർക്കള എന്നിവർ അഭ്യർത്ഥിച്ചു.
അറുംകൊലയിൽ ഞെട്ടിത്തരിച്ച് കാസർഗോഡ്
മദ്രസ അധ്യാപകന്റെ അറും കൊലയിൽ ഞെട്ടിത്തരിച്ച് കാസർഗോഡ്. എട്ടു വർഷത്തോളമായി ഇവിടെ ജോലി ചെയ്ത് വരികയായിരുന്ന റിയാസിന് ഏതെങ്കിലും ശത്രുക്കൾ ഉള്ളതായി ആർക്കും അറിയില്ല. ഏതെങ്കിലും ഗൂഢ ഉദ്ദേശ്യത്തിന്റെ പേരിലാകാം കൊലപാതകമെന്ന സംശയമാണ് ഇപ്പോൾ നിലനിൽക്കുന്നത്. നേരത്തെ വലിയ രീതിയിലുള്ള സംഘർഷം നടന്നവയാണ് പഴയ ചൂരി, ചൂരി പ്രദേശങ്ങൾ. എന്നാൽ ഇതിന് ശേഷം വർഷങ്ങളായി സമാധാനം നിലനിൽക്കുകയാണ് ഇവിടെ.
ഇതിനിടയിലുണ്ടായ മൃഗീയമായ കൊലപാതകം ജനങ്ങളെയാകെ ഞെട്ടിച്ചു. രണ്ടു ദിവസം മുന്പ് ഈ പ്രദേശത്ത് രാത്രി ഷട്ടിൽ ടൂർണമെന്റ് നടക്കുന്നതിനിടെ രണ്ട് ബൈക്കുകളിലെത്തിയ നാലംഗ സംഘം വാൾ വീശി ഭീഷണിപ്പെടുത്തിയ സംഭവം ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന പോലീസ് പോലും ഇതിന് ദൃക്സാക്ഷികൾ ആയിരുന്നുവെന്നും ഭയം കാരണം പോലീസിനും ആയുധധാരികളെ പിടിക്കാൻ കഴിഞ്ഞില്ലെന്നും നാട്ടുകാർ പറഞ്ഞു. പിന്നീട് എ ആർ ക്യാന്പിൽ നിന്ന് കൂടുതൽ പോലീസ് എത്തി ഇവർക്ക് വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും പിടികൂടാനായില്ല.
ഭീഷണി സംബന്ധിച്ച് കാളിയങ്കാട് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഷൗക്കത്ത് കളിയങ്കാട് കാസർഗോഡ് ഡിവൈഎസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ആയുധധാരികൾ എത്തിയെന്ന് കരുതുന്ന ഒരു ബൈക്ക് പിടികൂടിയിരുന്നതായും വിവരമുണ്ട്. ഈ ബൈക്ക് മോഷ്ടിച്ചതാണെന്നും സൂചനയുണ്ടായിരുന്നു. ഈ സംഭവം നടന്നതിന് പിന്നാലെയുണ്ടായ കൊലപാതകമായതിനാൽ പോലീസ് ഈ നിലയ്ക്കുള്ള അന്വേഷണവും ആരംഭിച്ചതായി സൂചനയുണ്ട്. പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടാൻ കഴിയുമെന്ന വിശ്വാസത്തിലാണ് പോലീസ്. കൊലയാളികൾ ജില്ല വിട്ട് പോകാതിരിക്കാനുള്ള എല്ലാ മുൻകരുതലും പോലീസ് സ്വീകരിച്ചിട്ടുണ്ട്. സംഭവം നടന്നയുടൻ എല്ലാ പോലീസ് സ്റ്റേഷനുകളിലും ജാഗ്രതാ നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ വാഹനങ്ങളടക്കം പരിശോധിച്ചിരുന്നു.
ഉത്തരമേഖലാ എഡിജിപി രാജേഷ് ദിവാൻ, ഐജി മഹിപാൽ എന്നിവർ കാസർഗോട്ടെത്തി ക്യാന്പ് ചെയ്താണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. കാസർഗോഡ് ഡിവൈഎസ്പി എം.വി. സുകുമാരൻ, സിഐ അബ്ദുൾ റഹീം, എസ്ഐ അജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പല സംഘങ്ങളായി തിരിഞ്ഞാണ് പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ഉൗർജിതമാക്കിയിരിക്കുന്നത്. രണ്ടിൽ കൂടുതൽ പേർ കൊലയാളി സംഘത്തിൽ ഉണ്ടെന്നാണ് കരുതുന്നത്. ബൈക്കിലാണ് പ്രതികൾ എത്തിയതെന്നും സംശയിക്കുന്നു. പോലീസ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്. സൈബർ സെല്ലും അന്വേഷണങ്ങൾക്ക് വേണ്ടിയുള്ള സഹായങ്ങൾ നൽകി വരുന്നുണ്ട്.