തലശേരി: പത്ത് വയസുകാരനെ രണ്ടുവർഷത്തോളം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ മദ്രസാ അധ്യാപകനെ കതിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പൊന്ന്യം സ്രാമ്പി മദ്രസയിലെ അധ്യാപകനായ കോട്ടയം മലബാര്‍ മൗവ്വേരിയിലെ സി.മുനീറിനെയാ (37)ണ് കൂത്തുപറമ്പ് സിഐ യു.പ്രേമന്, കതിരൂര്‍ പ്രിന്‍സിപ്പല്‍ എസ്ഐ എസ്.സുകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്ന് പുലര്‍ച്ചെ മൗവ്വേരിയിലെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിനും വൈദ്യ പരിശോധനക്കും ശേഷം പ്രതിയെ ഇന്ന് പോക്സോ സ്പെഷൽ കോടതിയായ തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.
10 വയസുകാരനായ മദ്രസാ വിദ്യാർഥിയെ 2014 മുതല്‍ 2016 വരെയാണ് പ്രതി പീഡിപ്പിച്ചത്. പല തവണ മദ്രസയുടെ മുകളിലത്തെ മുറിയില്‍ വെച്ച് വിദ്യാർഥി പീഡനത്തിനിരയായതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് പ്രതി വിദ്യാർഥിയെ ഭീഷണിപ്പെടുത്തിയിരുന്നു. പീഡനത്തെ തുടര്‍ന്ന് മാനസികവും ശാരീരികവുമായ തളര്‍ന്ന വിദ്യാർഥിയെ പല തവണ വീട്ടുകാര്‍ ഡോക്ടര്‍മാരെ കാണിച്ച് ചികിത്സ തേടിയെങ്കിലും ഫലം കണ്ടില്ല.
വിദേശത്തായിരുന്ന പിതാവ് സ്ഥലത്തെത്തുകയും മകനുമായി നിരന്തരം സംവദിക്കുകയും ചെയ്തപ്പോഴാണ് പീഡന വിവരം കുട്ടി പിതാവിനോട് പറഞ്ഞത്. തുടര്‍ന്ന് രക്ഷിതാവ് കതിരൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിവരമറിഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിയുകയും പോലീസിന് വിശദമായ റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തു.