കൊടകര: കൊടിയ വേനലിലും തെളിനീരിന്റെ അക്ഷയ ഖനിയായി കൊടകരയിലെ പൊതുകിണർ.കൊടകര കുഭാരത്തറയിലെ നാൽപ്പതോളം കുടുംബങ്ങൾക്ക് ദാഹജലം നൽകുന്ന ഈ കിണർ എത്ര കടുത്ത വേനലിലും വറ്റാത്ത നീരുറവയാണ്. വേനൽക്കാലമായാൽ കടുത്ത ജലക്ഷാമം നേരിടുന്ന കൊടകരയിലെ മണ്‍പാത്ര നിർമാണ തൊഴിലാളി കുടുംബങ്ങൾക്കായി പതിറ്റാണ്ടുകൾക്കു മുന്‍പ് നിർമിക്കപ്പെട്ടതാണ് ഈ പഞ്ചായത്ത് കിണർ.
ശുദ്ധജലത്തിനു ബുദ്ധിമുട്ടനുഭവിക്കുന്ന പ്രദേശവാസികൾക്ക് ഈ കിണർ ആശ്വാസമാണ്. കിണറ്റിൽ വറ്റാത്ത ജലസമൃദ്ധിയുണ്ടെ ങ്കിലും വെള്ളം കോരി കുടങ്ങളിൽ നിറച്ച് ചുമന്നുകൊണ്ടു പോകേണ്ട ഗതികേടിലാണ് ഇപ്പോഴും ഇവർ. ഇവരുടെ ദുരിതം പരിഹരിക്കുന്നതിന് കുഭാരകോളനിയിൽ ജലവിതരണ പദ്ധതി സ്ഥാപിക്കാൻ പ്രാരംഭപ്രവർത്തനങ്ങൾ നടന്നെങ്കിലും പൂർത്തിയായില്ല.
കോളനിക്കകത്ത് ജലസംഭരണി സ്ഥാപിക്കാൻ നിർമിച്ച കോണ്‍ക്രീറ്റ് കാലുകൾ നോക്കുകുത്തിയായി നിൽക്കുകയാണ്.പൊതുകിണറിൽ നിന്ന് വെള്ളം പന്പ് ചെയ്ത് കോളനിയിൽ സ്ഥാപിക്കുന്ന ആറായിരം ലിറ്റർ ശേഷിയുള്ള സംഭരണിയിലെത്തിച്ച് വിതരണം ചെയ്യാനായിരുന്നു പദ്ധതി തയ്യാറാക്കിയത്.എന്നാൽ പദ്ധതി പാതിവഴിയിൽ സ്തംഭിച്ചതോടെ വെള്ളം ചുമന്നുകൊണ്ടുപോകേണ്ട ഗതികേട് തുടരുകയാണിപ്പോഴും.