ചില പ്രത്യേക വിധിപ്രസ്താവനകള്‍ കൊണ്ട് കോടതി ഇടയ്ക്കിടെ ആളുകളെ അത്ഭുതപ്പെടുത്താറുണ്ട്. മാന്‍ വേട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അന്നൂര്‍ സ്വദേശി ശെല്‍വരാജിനാണ് വ്യത്യസ്തമായ വ്യവസ്ഥകളോടെ കോടതി ജാമ്യം അനുവദിച്ചത്. മേട്ടുപ്പാളയം ജെഎം കോടതി ജഡ്ജിയാണ് ഇത്തരമൊരു നിബന്ധന മുന്നോട്ടുവച്ചത്. വനത്തോടുചേര്‍ന്നുള്ള വീട്ടില്‍ താമസിച്ച് സ്ഥിരമായി വന്യമൃഗവേട്ട നടത്തിയിരുന്ന ആളാണ് ശെല്‍വരാജ്. ഇതിനിടെയാണ് പോലീസ് പിടിയിലായത്. ആദ്യ അപേക്ഷയില്‍ ഇയാള്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു.
പിന്നീടാണ് കടുത്ത ഉപാധികളോടെ കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്. ഇയാള്‍ സ്ഥിരം വേട്ട നടത്തിക്കൊണ്ടിരുന്ന സ്ഥലങ്ങളില്‍ വനംവകുപ്പ് സ്ഥാപിച്ചിരിക്കുന്ന ജലസംഭരണികളിലാണ് വെള്ളം നിറക്കേണ്ടത്. കടുത്ത വേനലില്‍ ദാഹിച്ചു വലയുന്ന മൃഗങ്ങള്ക്കായാണ് വനംവകുപ്പ് അവിടെ ജലസംഭരണി സ്ഥാപിച്ചിരിക്കുന്നത്. ധാരാളം പക്ഷികളും മൃഗങ്ങളും ദാഹമകറ്റാനായി ഇവിടെ എത്താറുമുണ്ട്. വാഹനപരിശോധനക്കിടെയാണ് പോലീസ് ശെല്‍വരാജിന്റെ പക്കല്‍നിന്ന് മാനിറച്ചി കണ്ടെത്തിയത്. വണ്ടി ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട ഇയാളെ പിന്നീട് പിടികൂടുകയായിരുന്നു.