കൊല്ലം: കുണ്ടറയിൽ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ വിക്ടറുടെ ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. വിക്ടർ പീഡിപ്പിച്ച രണ്ടുപെണ്‍കുട്ടികളെയും പറ്റിയുള്ള കാര്യങ്ങൾ വ്യക്തമായിട്ട് ഇവർക്ക് അറിവുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
മരുമകനെതിരെയുള്ള പരാതിയും വിക്ടറും ഭാര്യയും ചേർന്ന് കെട്ടിചമച്ചതാണോയെന്നും പോലീസ് അന്വേഷിക്കുന്നു. മരുമകനെ തന്ത്രപൂർവം പീഡനക്കേസിൽ ഉൾപ്പെടുത്തി കുടുംബത്തിൽനിന്ന് ഒറ്റപ്പെടുത്തി ഇവർക്ക് ആധിപത്യം ഉറപ്പിക്കാനാണോ ശ്രമം നടന്നതെന്നും പോലീസ് പരിശോധിക്കുന്നു. പോലീസ് കസ്റ്റഡിയിൽ വാങ്ങിയ വിക്ടറെ ചോദ്യം ചെയ്തുവരികയാണ്.
ഇയാളെ അടുത്ത ദിവസം കോടതിയിൽ ഹാജരാക്കും. വിക്ടറുടെ മകളും പീഡനത്തിനിരയായ അയൽവാസിയായ പെണ്‍കുട്ടിയും പോലീസിനോട് നന്നായി സഹകരിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവരും. 14കാരന്റെ ആത്മഹത്യയെ സംബന്ധിച്ചുള്ള അന്വേഷണം മറ്റേതെങ്കിലും ഏജൻസികൾക്ക് നൽകാനാണ് സാധ്യത. ഏഴുവർഷം മുന്‍പ് നടന്ന മരണം കൊലപാതകമാണെന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് വിക്ടറുടെ മകനെ പോലീസ് ചോദ്യം ചെയ്തിരുന്നു.