കോതമംഗലം: കോതമംഗലത്തിനു സമീപം രാമല്ലൂരിൽ പുലിയിറങ്ങിയെന്ന അഭ്യൂഹം ജനങ്ങളെ പരിഭ്രാന്തരാക്കി. നാട്ടുകാരും പോലീസും വനംവകുപ്പും പുലിയെ തേടി മണിക്കൂറുകൾ നടത്തിയ തെരച്ചിലിനൊടുവിൽ കണ്ടെത്തിയത് കാട്ടുപൂച്ചയെ. രാമല്ലൂരിൽ റോഡരികിലെ പൈനാപ്പിൾ തോട്ടത്തിലാണ് ഇന്നലെ രാവിലെ പത്തോടെ പുലിയെ കണ്ടതായി വാർത്ത പരന്നത്.
ഇവിടെ പുല്ലരിയാനെത്തിയ യുവതിയാണ് പുലിയെ കണ്ടെന്ന സംശയം പറഞ്ഞത്. നാട്ടുകാർ വിവരം അറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തി.പുലിയിറങ്ങിയെന്ന സംഭവം സമൂഹ മാധ്യമങ്ങളിലൂടെയും ചില ചാനലുകളിൽ ഫ്ളാഷ് ന്യൂസും വന്നതോടെ നൂറുകണക്കിനാളുകൾ പുലിവേട്ട നേരിൽ കാണാൻ തടിച്ചുകൂടി.
പുലിയാകാൻ സാധ്യത കുറവാണെന്ന് സ്ഥലത്ത് എത്തിയ ഉന്നത വനപാലക സംഘം പറഞ്ഞെങ്കിലും ജനം വിശ്വാസത്തിലെടുത്തില്ല. പുലി ഇറങ്ങിയതായി പറയുന്ന സ്ഥലം കാടുപിടിച്ച് കിടക്കുന്നതിനാൽ തെരച്ചിൽ നടത്തുന്നതും ബുദ്ധിമുട്ടിലായി. രണ്ടു മണിക്കൂറോളം തെരച്ചിൽ പിന്നിട്ടപ്പോഴാണ് കാടിനുള്ളിൽ ഒളിച്ച കാട്ടുപൂച്ചയെ പുലിവേട്ടക്കാർ കണ്ടെത്തിയത്. ഇതോടെ പിരിമുറുക്കം ചിരിക്ക് വഴിമാറി.
സമീപത്തെങ്ങും വനത്തിന്റെ സാമീപ്യമില്ലെന്നിരിക്കെ രാമല്ലൂരിൽ പുലിയെ കണ്ടെന്ന വാർത്ത പോലീസും വനംവകുപ്പും വിശ്വാസത്തിലെടുത്തിരുന്നില്ല. എന്നാൽ ജനങ്ങളുടെ ഭീതയകറ്റേണ്ടത് ആവശ്യമായതിനാലാണ് തെരച്ചിൽ നടത്താൻ തീരുമാനിച്ചത്. സാമാന്യം വലിപ്പമുള്ള കാട്ടുപൂച്ചയെയാണ് തെരച്ചിലിൽ കണ്ടെത്തിയത്.