കോട്ടയം: ട്രെയിനിനു മുകളിൽ കയറി വൈദ്യുതിലൈനിൽ പിടിച്ച് ജീവനൊടുക്കിയത് ഇതരസംസ്ഥാനക്കാരനാണെന്ന സംശയത്തിൽ റെയിൽവേ പോലീസ്. കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിൻ ഷണ്ടിംഗിനിടെ ഇന്നു പുലർച്ചെ 1.10ഓടെയായിരുന്നു സംഭവം നടന്നത്. നാഗന്പടം പാലത്തിന് സമീപം ട്രാക്കിൽ ആളെക്കണ്ടതിനെ തുടർന്ന് ലോക്കോപൈലറ്റ് ട്രെയിൻ നിർത്തി. ഉടൻതന്നെ ഗുഡ്സ് ട്രെയിനിന്റെ എൻജിനു മുകളിൽ കയറിയ അജ്ഞാതൻ വൈദ്യുതി ലൈനിൽ പിടിക്കുകയായിരുന്നു. ഷോക്കേറ്റ് എൻജിനു മുകളിലേക്ക് വീണ ഇയാൾ സംഭവസ്ഥലത്തുവച്ചു മരിച്ചതായി റെയിൽവേ പോലീസ് പറഞ്ഞു.
പിന്നീട് വൈദ്യുതിലൈനുകളിലെ വൈദ്യുതിബന്ധം വിഛേദിച്ചാണ് മൃതദേഹം പുറത്തെടുത്തത്. 40 വയസ് പ്രായംവരുന്ന പുരുഷനാണ് മരിച്ചത്. നീല ജീൻസും മെറൂണ്‍ കളർ ഷർട്ടുമാണ് ഇയാൾ ധരിച്ചതെന്നു റെയിൽവേ പോലീസ് അറിയിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെതുടർന്ന് റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിനുശേഷം വൈദ്യുതി ബന്ധം വിഛേദിച്ചതിനെ തുടർന്ന് ബിക്കാനീർ-കൊച്ചുവേളി, തിരുവനന്തപുരം- പാലക്കാട് അമൃത എക്സ്പ്രസ്, കന്യാകുമാരി-ദിബ്രുഗഡ് വിവേക് എക്സ്പ്രസ് എന്നീ ട്രെയിനുകൾ ഒരുമണിക്കുറോളം വൈകി.