മുക്കം: കാരശേരി ഗ്രാമപഞ്ചായത്തിലെ അംഗൻവാടികൾ ഇനി തീവണ്ടി മാതൃകയിൽ. പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ജപ്പാനിൽ വിദ്യാഭ്യാസ വിചക്ഷണനായ ടോട്ടോച്ചാൻ വിഭാവനം ചെയ്ത പുതിയ രീതിയാണ് കാരശേരിയിലും പരീക്ഷിക്കുന്നത്.സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ആംഗൻവാടികളും ടോട്ടോച്ചാൻ മാതൃകയിലാക്കുന്നത്.
കാരശേരിയിലെ കളിവണ്ടി എന്ന പേരിൽ മുഴുവൻ അംഗൻവാടികളും തീവണ്ടി മോഡലിൽ പെയിന്റ് ചെയ്താണ് കൂടുതൽ ആകർഷകമാക്കിയത്. കുട്ടികളുടെ മനസിലുള്ള ചിത്രങ്ങൾ ഉൾഭാഗത്ത് വരച്ച് ആകർഷകമാക്കി മനസിലേക്ക് വേഗത്തിൽ പ്രവേശിക്കുക എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ വി.കെ.വിനോദ് പറഞ്ഞു.
പുറമെ നിന്ന് നോക്കുന്ന ആർക്കും ഇതൊരു തീവണ്ടിയാണന്ന് തന്നെ തോന്നുന്ന രീതിയിലാണ് നിർമാണം. പഞ്ചായത്തിലെ ആകെയുള്ള 28 അംഗൻവാടികളിൽ സ്വന്തമായി കെട്ടിടമുള്ള 24 അംഗൻവാടികളും ഇപ്പോൾ തീവണ്ടിയായി മാറിക്കഴിഞ്ഞു. ബാക്കി നാല് ആംഗൻവാടികൾക്ക് കെട്ടിടം ഒരുങ്ങുന്ന മുറയ്ക്ക് അവയും ‘തീവണ്ടി’യാക്കി മാറ്റപ്പെടും.