പയ്യന്നൂര്‍:ഹക്കീം വധക്കേസ് അന്വേഷണം നടത്തുന്ന സിബിഐക്കെതിരെ പയ്യന്നൂരില്‍ ഫ്ളക്സ് പ്രചാരണം. മനുഷ്യാവകാശവേദി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പേരിലാണ് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് ഫ്ളക്സ് പ്രചാരണം നടത്തിയിട്ടുള്ളത്.ഹക്കീം വധം സിബിഐ അന്വേഷണം ആര്‍ക്കുവേണ്ടി, സിബിഐക്കെതിരേ പ്രതിഷേധം ശക്തിപ്പെടുത്തുക എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റെയില്‍വേ സ്റ്റേഷന് ബസ് സ്റ്റോപ്പിന് സമീപം മൂന്നിടങ്ങളിലായാണ് ഫ്ളക്സ് ബാനറുകളുള്ളത്.
മാസങ്ങളോളം നീണ്ടുനിന്ന സമരങ്ങള്‍ക്കും നിയമയുദ്ധങ്ങള്ക്കുമൊടുവിലാണ് 2015 സെപ്റ്റംബര്‍ ഒമ്പതിന് ഹക്കീം വധാന്വേഷണം സിബിഐയെ ഏല്പിച്ചത്. ദുരൂഹത നിറഞ്ഞ ഹക്കീം വധത്തിലെ കുറ്റവാളികളെ ഒന്നര വര്‍ഷത്തോളമായിട്ടും പിടികൂടാത്തത് കുറെ നാളുകളായി നാട്ടുകാരില്‍ ചര്‍ച്ചയായിരുന്നു.
ഇതിനിടയിലാണ് തുമ്പുണ്ടാക്കാനാതെ നീണ്ടുപോകുന്ന ഹക്കീം വധക്കേസന്വേഷണം നടത്തുന്ന സിബിഐക്കെതിരെയുള്ള പ്രചാരണം സ്ഥാനം പിടിച്ചിരിക്കുന്നത്.2014 ഫെബ്രുവരി 10ന് രാവിലെയാണ് തെക്കേ മമ്പലത്തെ താമസക്കാരനും കൊറ്റി ജുമാ മസ്ജിദ് ജീവനക്കാരനുമായ ഹക്കീമിന്റെ മൃതദേഹം ജുമാ മസ്ജിദ് വളപ്പില്‍ കത്തി തീരാറായ നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും കുറ്റവാളികളെ കണ്ടെത്താനാകാതെ വന്നതിനെ തുടര്‍ന്നാണ് കേസന്വേഷണം സിബിഐയെ ഏല്‍പ്പിച്ചത്.