മനുഷ്യശരീരത്തെ കൈകളിലേക്കാവാഹിച്ച് ചികിത്സിയ്ക്കുന്ന കൊറിയന്‍ ചികിത്സാ രീതി ‘സുജോക്കി’ന് പ്രിയമേറുന്നു. ദക്ഷിണകൊറിയന്‍ സ്വദേശി പാര്‍ക്ക് ജെ വൂ ആണ് ഈ നൂതന ചികിത്സാരീതിയുടെ ഉപജ്ഞാതാവ്. ഏതൊരു വേദനയും നിഷ്പ്രയാസം മാറ്റാം എന്നതാണ് സുജോക്കിന്റെ പ്രത്യേകത. ലോകത്താകമാനം വ്യാപകമായ പ്രചാരം ലഭിച്ചു കൊണ്ടിരിക്കുന്ന ഈ ചികിത്സാ സമ്പ്രദായം ഇതിനകം മലയാളികള്‍ക്കും പ്രിയപ്പെട്ടതായിക്കഴിഞ്ഞു.
1942 മാര്‍ച്ച് 11ന് ദക്ഷിണകൊറിയയില്‍ ജനിച്ച പാര്‍ക്ക് ജെ വൂവിന് അപ്രതീക്ഷിതമായി പകര്‍ന്നു ലഭിച്ചതായിരുന്നു ഈ സിദ്ധി. വ്യവസായിയായ ഇദ്ദേഹം ഒരിക്കല്‍ തന്റെ മകന് അസുഖം ബാധിച്ചപ്പോള്‍ കാറില്‍ ഡോക്ടറെ കാണാന്‍ വേണ്ടി പോവുകയായിരുന്നു. ഈ യാത്രയ്ക്കിടയിലാണ് ഇദ്ദേഹത്തിന്റെ ഡ്രൈവര്‍ കൈകളിലെ ചില മര്മങ്ങളില് സൂചി കുത്തി വേദനയും അസുഖങ്ങളും മാറ്റുന്ന ചികിത്സയെപ്പറ്റി പറയുന്നത്. പണ്ടു കാലത്ത് കൊറിയയില്‍ നില നി്ന്നിരുന്ന ഒരു പാരമ്പര്യ ചികിത്സാ രീതിയായിരുന്നു ഇത്. ഭാഗ്യവശാല്‍ ഡ്രൈവര്‍ക്ക് ഈ രീതി അറിയുകയും ചെയ്യുമായിരുന്നു.
കുഞ്ഞിന് ഡ്രൈവര്‍ ചികിത്സ നല്‍കുന്നത് പാര്‍ക്ക് കൗതുകത്തോടെ നോക്കിനിന്നു. ആശുപത്രിയിലെത്തിയപ്പോഴേക്കും കുഞ്ഞിന്റെ അസുഖം പൂര്‍ണ്ണമായി മാറിയിരുന്നു.കൈവിരലുകളിലും കൈവെള്ളയിലും മാത്രം നടത്തുന്ന അത്ഭുതകരമായ ഈ ചികിത്സ പാര്‍ക്കിനെ വല്ലാതെ സ്വാധീനിച്ചു. ഇതോടെ പാര്‍ക്ക് ജേ വൂ ഈ ചികില്‍സയുടെ ശാസ്ത്രീയ വശത്തെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങി. നിരന്തരമുള്ള മനനത്താല്‍ പാര്‍ക്ക് മറഞ്ഞിരുന്ന ആ രഹസ്യം കണ്ടെത്തി. മനുഷ്യന്റെ കൈകള്‍ ശരീരത്തെ മൊത്തം പ്രതിനിധികരിക്കുന്ന അത്ഭുത പ്രതിഭാസമാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍. താന്‍ വികസിപ്പിച്ചെടുത്ത ഈ ചികിത്സാരീതിയ്ക്ക് അദ്ദേഹം ‘സുജോക്’ എന്നു നാമകരണം ചെയ്തു. ഒരാളുടെ ശരീരത്തിന്റെ ഘടനകളും പ്രത്യേകതകളും കൈകളില്‍ കാണാമെന്നും ഇദ്ദേഹം കണ്ടെത്തി. അത് ശാസ്ത്രീയമായി തെളിയിക്കുന്നതിലും അദ്ദേഹം വിജയം കണ്ടു.
കൈകാലുകള്‍ എന്നാണ് സുജോക് എന്ന വാക്കിനര്‍ഥം. കൊറിയന്‍ ഭാഷയില്‍ ‘സു’ എന്നാല്‍ കൈ എന്നും ‘ജോക്’ എന്നാല്‍ കാല് എന്നുമാണര്‍ഥം.കൈകള്‍ മനുഷ്യശരീരത്തെ പ്രതിനിധീകരിക്കുന്ന ചികിത്സയാണിത്. മനുഷ്യന്റെ സ്രഷ്ടാവ് ശരീരത്തെ മുഴുവന്‍ പ്രതിനിധീകരിക്കുന്ന രീതിയിലാണ് കൈകളെ സൃഷ്ടിച്ചതെന്നാണ് ജെ വൂ പറയുന്നത്. സുജോക് ചികിത്സ വഴി ഏതു വേദനയും മാറ്റാം. പഴക്കം ചെന്ന വേദനയാണെങ്കില്‍ ഒന്നു രണ്ടു പ്രാവശ്യം ചികിത്സ നടത്തേണ്ടി വരും. മരുന്നുകള്‍ ഇല്ലാതെതന്നെ ശരീരത്തിലെ സന്ധിവേദനയുള്പ്പെടെ എല്ലാ വേദനകളും അസുഖങ്ങളും നിഷ്പ്രയാസം ചികിത്സിച്ച് സുഖപ്പെടുത്താം. ഇപ്പോള്‍ സൂചിയ്ക്കു പകരം സീഡ് തെറാപ്പിവഴിയും സുജോക് പരീക്ഷിക്കാം. കുരുമുളകും പയര്മണിയുമാണ് ഇതിനായി ഉപയോഗിക്കുന്നത്.
തള്ളവിരല്‍ തലയെയും ചൂണ്ടുവിരലും ചെറുവിരലും കൈകളെയും നടുവിരലും മോതിരവിരലും കാലുകളെയും പ്രതിനിധീകരിക്കുന്നു. കൈവെള്ള ശരീരത്തിന്റെ മുന്‍ഭാഗത്തെയും കൈയുടെ പിറകുവശം ശരീരത്തിന്റെ പിറകുവശത്തെയും പ്രതിനിധീകരിക്കുന്നു. വിരലുകളിലും കൈവെള്ളകളിലും കൈയ്യുടെ പുറംഭാഗത്തും ശരീരത്തിന്റെ മുഴുവന്‍ ഭാഗങ്ങളും പ്രതിനിധീകരിക്കുന്നതിനാല്‍ വേദനയുള്ള ഭാഗത്തെ പ്രതിനിധികരിക്കുന്ന ഭാഗത്ത് സൂചി ഉപയോഗിച്ച് അമര്‍ത്തുകയോ മസാജ് ചെയ്യുകയോ ചെയ്താല്‍ ആ ഭാഗത്തെ വേദന പൂര്‍ണ്ണമായി മാറും. ഒരു തരത്തില്‍ പറഞ്ഞാല്‍ ആത്മീയമാണ് ഈ ചികിത്സാരീതിയുടെ കാതല്‍ എന്നു പറയാം.
1942 മാര്‍ച്ച് 11 ല്‍ ദക്ഷിണ കൊറിയയില്‍ ജനിച്ച ജെവൂ 2010 മാര്‍ച്ച് 25 ന് മോസ്കോയില്‍ വെച്ചാണ് അന്തരിച്ചത്. വിവിധ രാജ്യങ്ങളില്‍ ഇദ്ദേഹം സുജോക്ക് അസോസിയേഷന് സ്ഥാപിച്ചിട്ടുണ്ട്. സുജോകിന്റെ പ്രചരണാര്‍ഥം 1999ല്‍ മദ്രാസിലും 2002ല്‍ ഗുജറാത്തിലും ഇദ്ദേഹം വന്നിട്ടുണ്ട്.അന്ന് അദ്ദേഹത്തില്‍ നിന്നും ഈ ചികിത്സാരീതി സ്വായത്തമാക്കിയവരിലൂടെയാണ് സുജോക് കേരളത്തിലെത്തുന്നത്.