രാജമൗലിയുടെ ബാഹുബലിയിലെ കാലകേയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രഭാകർ മലയാളത്തിലേക്ക്. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് പ്രഭാകർ മലയാളത്തിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ പേരോ മറ്റ് വിശദാംശങ്ങളോ പുറത്ത് വിട്ടിട്ടില്ല. ഈ വർഷം അവസാനം ചിത്രം റിലീസ് ചെയ്യാൻ ലക്ഷ്യമിട്ടാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
ബി. ഉണ്ണികൃഷ്ണനും മോഹൻലാലും ഒരുമിക്കുന്ന നാലാമത്തെ ചിത്രമാണിത്. കഥ കേട്ട് ഇഷ്ടപ്പെട്ട പ്രഭാകർ കരാർ ഒപ്പിട്ടുവെന്നാണ് സിനിമാ ലോകത്ത് നിന്നുള്ള റിപ്പോർട്ടുകൾ. 2010-ൽ രാജമൗലിയുടെ മര്യാദരാമണ്ണ എന്ന സിനിമയിലൂടെയാണ് പ്രഭാകർ അഭിനയരംഗത്ത് എത്തുന്നത്. നാൽപ്പതോളം തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.