തലയോലപ്പറമ്പ്: സംശയാസ്പദമായ സാഹചര്യത്തിൽ യുവാവിനെയും യുവതിയേയും വാടകവീട്ടിൽനിന്നും നാട്ടുകാർ പിടികൂടി. ഇന്നലെ ചന്തപ്പാലത്തിനു സമീപമുള്ള വാടകവീട്ടിൽനിന്ന് ഉച്ചയ്ക്ക് 12നാണ് ഇവരെ നാട്ടുകാർ പിടികൂടിയത്.
നാട്ടുകാർ പറയുന്നത് ഇങ്ങനെ: രാവിലെ 11നു സ്കൂട്ടറിലെത്തിയ യുവതി, യുവാവ് ഒറ്റയ്ക്ക് താമസിക്കുന്ന വാടക വീടിനകത്തു കയറി ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെത്തുടർന്ന് സംശയം തോന്നിയ നാട്ടുകാർ തലയോലപ്പറന്പ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്താൻ വൈകിയതോടെ കോട്ടയം എസ്പിയെ വിളിച്ച് സംഭവം അറിയിക്കുകയായിരുന്നു. തുടർന്ന് എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് വീട്ടിലെത്തിയപ്പോഴാണു വീടിനുള്ളിലുണ്ടായിരുന്നവർ പോലീസുകാരാണെന്നു നാട്ടുകാർ അറിയുന്നത്. തുടർന്ന് പോലീസ് മടങ്ങിയശേഷം വനിതാ പോലീസ് ജീവനക്കാരി വന്ന വാഹനത്തിൽത്തന്നെ മടങ്ങിപ്പോവുകയായിരുന്നു.
രണ്ടുദിവസം മുന്‍പാണു പോലീസ് ഉദ്യോഗസ്ഥൻ വാടകവീട്ടിൽ താമസമാരംഭിച്ചത്. സംഭവം നാട്ടിൽ പാട്ടായതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സമീപവാസികളിൽനിന്നും മൊഴിയെടുത്തു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ വിശദാംശങ്ങൾ തിരക്കാനാണ് പോലീസുകാരന്റെ വീട്ടിൽ വനിതാ ഉദ്യോഗസ്ഥ എത്തിയതെന്നും സംഭവത്തിൽ ദുരൂഹതയൊന്നും ഇല്ലെന്നുമാണ് പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.