മുംബൈ: വേനൽ കടുക്കുന്നു; മാർക്കറ്റുകളിൽ ഐസ്ക്രീമുകൾക്കു പ്രിയമേറുന്നു. എന്നാൽ, ഹിന്ദുസ്ഥാൻ യുണിലിവറും (എച്ച്യുഎൽ) വാഡിലാൽ ഗ്രൂപ്പും അമുലിനെതിരേ കോടതിയെ സമീപിച്ചിരിക്കുകയാണ്. അമുൽ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പരസ്യം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതും തങ്ങളെ ബാധിക്കുന്നതുമാണെന്നാണ് ഇരു കമ്പനികളും ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്ന പരാതിയിൽ പറയുന്നത്.
ഉപഭോക്താക്കൾ ശരിയായ ഐസ്ക്രീമുകളെയും ഫ്രോസൺ ഡെസേർട്ടുകളെയും തിരിച്ചറിയാൽ പഠിക്കണം. അമുൽ മാത്രമാണ് ഒറിജിനൽ പശുവിൻപാൽ ഉപയോഗിച്ച് ഐസ്ക്രീം നിർമിക്കുന്നത്. മറ്റു കമ്പനികളുടെ ഫ്രോസൺ ഡെസേർട്ടുകളിൽ വെജിറ്റബിൾ ഓയിലാണ് ഉപയോഗിക്കുന്നതെന്നും അമുലിന്റെ പരസ്യത്തിൽ പറയുന്നു. കമ്പനികളുടെ പേര് പരസ്യത്തിൽ എടുത്തുപറയുന്നില്ലെങ്കിലും തങ്ങളുടെ ബിസിനസിനെ ഇതു പ്രതികൂലമായി ബാധിക്കുന്നുവെന്ന് എച്ച്യുഎൽ പരാതിയിൽ ആരോപിക്കുന്നു. പരസ്യം പിൻവലിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.