രോഗപ്പകർച്ച
ചികിത്സിക്കാത്ത ഒരു ശ്വാസകോശ ക്ഷയരോഗിയാണ് മറ്റുള്ളവരിലേക്ക് രോഗം പകർത്തുന്നത്. അവർ തുമ്മുന്പോഴും ചുമയ്ക്കുന്പോഴും ലക്ഷക്കണക്കിന് ക്ഷയരോഗാണുക്കൾ വായുവിലേക്ക് കണികകളായി പ്രവേശിക്കുകയും ഇത് ശ്വസിക്കുന്ന മറ്റൊരാൾക്ക് അണുബാധ ഉണ്ടാകുകയും ചെയ്യുന്നു (ടിബി ഇൻഫെക് ഷൻ). ഇന്ത്യയിൽ ഏതാണ്ട് 50 ശതമാനം ജനങ്ങളിലും ഇത് സംഭവിച്ചിട്ടുണ്ടെന്നാണ് കണക്ക്. എന്നാൽ ഇവരിൽ എല്ലാവർക്കും ക്ഷയരോഗം ഉണ്ടാകണമെന്നില്ല. ഭാവിയിൽ ഇവരിൽ അഞ്ചു മുതൽ 10 ശതമാനം വരെ ക്ഷയരോഗികളായി തീരുന്നു എന്നാണ് കണക്ക്. എച്ച്ഐവി അണുബാധയും പ്രമേഹവും പുകവലിയും എല്ലാം ഇവരിൽ ക്ഷയരോഗം പെട്ടെന്ന് ഉണ്ടാക്കുന്നു. ചികിത്സിക്കാത്ത ഒരു ശ്വാസകോശ ക്ഷയരോഗി വർഷം 15-20 പുതിയ ക്ഷയരോഗികളെ സൃഷ്ടിക്കുന്നു.
മരുന്നുകൾ
1882 ൽ തന്നെ രോഗകാരണം കണ്ടെത്തിയെങ്കിലും പിന്നീട് 1943 ലാണ് ഫലപ്രദമായ സ്ട്രെപ്റ്റോമൈസിൻ എന്ന മരുന്ന് കണ്ടുപിടിക്കുന്നത്. പിന്നീട് ഐസോനിയാസിഡ് (1952), പൈറസിനാമൈഡ് (1954), എത്താംബ്യൂട്ടോൾ (1962), റൈഫാംബിസിൻ (1963) മരുന്നുകളും കണ്ടെത്തി. ഇവ ആറു മുതൽ എട്ടു മാസം വരെ നൽകിയാൽ ക്ഷയരോഗം പൂർണമായും മാറുമെന്ന് തെളിയിക്കപ്പെട്ടതാണ്. RNTCP യിൽ ഈ മരുന്നുകൾ ഒരു ആരോഗ്യപ്രവർത്തകന്റെ (Treatment Supporter) നിരീക്ഷണത്തിലാണ് മരുന്നുകൾ കഴിക്കുന്നത്. രോഗി കൃത്യമായി മുടക്കമില്ലാതെ മരുന്ന് കഴിക്കേണ്ടത് അത്യാവശ്യമാണ്. മരുന്നുകൾ മുടക്കുന്നതും കൃത്യതയില്ലാതെ കഴിക്കുന്നതും ഗുരുതര ക്ഷയമായി മാറുന്നതിന് കാരണമാകുന്നു. ഇത് ഭേദമാക്കുന്നതിന് വളരെ വിഷമമാണ്.
ഇപ്പോൾ 2017 മുതൽ നാലു മരുന്നുകളും ഒരു ഗുളികയിലാക്കി (4 FDC) ക്കൊണ്ടുള്ള ദിവസേന കഴിക്കുന്ന സന്പ്രദായം RNTCP യിൽ നടപ്പിലാക്കി. രോഗിയുടെ ഭാരത്തിനനുസരിച്ചുള്ള ഡോസുകളാണ് ഇപ്പോൾ നൽകുന്നത്.
ടി.ബി. നോട്ടിഫിക്കേഷൻ
2012 ലെ ഗവ. ഇന്ത്യ ഓഫർ പ്രകാരം ക്ഷയരോഗത്തെ ഒരു നോട്ടിഫൈഡ് രോഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ ക്ഷയരോഗിയേയും കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും രോഗം ഭേദമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും, സർക്കാർ സ്വകാര്യ ആശുപത്രികൾ, ലാബുകൾ, അർധസർക്കാർ, പൊതുമേഖല സ്ഥാപങ്ങൾ, ക്ലിനിക്കുകൾ, സ്വകാര്യ പ്രാക്ടീസ് നടത്തുന്നവർ എല്ലാവരും എവിടെയായാലും ഒരു ക്ഷയരോഗിയെ കണ്ടെത്തിയാൽ NIKSHAY എന്ന വെബ്സൈറ്റിൽ നോട്ടിഫൈ ചെയ്യേണ്ടതാണ്. അല്ലെങ്കിൽ ആരോഗ്യവകുപ്പിനെ യഥാസമയം അറിയിച്ചിരിക്കണം. 2012 ൽ നടപ്പാക്കിയ നിക്ഷയ് ഇലക്ട്രോണിക് റെക്കോർഡിംഗ് റിപ്പോർട്ട് സംവിധാനം സ്വകാര്യമേഖലയെക്കൂടി പാർട്ട്ണർമാരാക്കാൻ സഹായിച്ചിട്ടുണ്ട്. സ്വകാര്യമേഖലയിൽനിന്നും 2015 വരെ നാലുലക്ഷം ക്ഷയരോഗികളെ നോട്ടിഫൈ ചെയ്തിട്ടുണ്ട്.
പബ്ലിക്, പ്രൈവറ്റ് പാർട്ട്ണർഷിപ്പ് (PPM)
കേരളത്തിൽ ആരോഗ്യസംരക്ഷണത്തിന് 60 ശതമാനവും ആശ്രയിക്കുന്നത് സ്വകാര്യമേഖലയിലാണ്. അതുകൊണ്ട് തന്നെ ആ മേഖല ഒഴിവാക്കിക്കൊണ്ട് ക്ഷയരോഗനിയന്ത്രണം സാധ്യമല്ല. സ്വകാര്യമേഖലയിൽ RNTCP ഏറ്റെടുത്ത് നടപ്പിലാക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും ലാബുകളിലും സൗജന്യമായി കഫ പരിശോധന നടത്തുന്നതിനുള്ള കരാറും നിലവിലുണ്ട്. ഇത്തരത്തിൽ 2013-16 വരെ ഏതാണ്ട് മൂന്നുലക്ഷത്തിലധികം ജനങ്ങൾ ഈ സൗകര്യം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ PPM വിപുലമാക്കാൻ അധികൃതർ ഇനിയും കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത് ഇന്ത്യയിൽ ക്ഷയരോഗ നിയന്ത്രണം ത്വരിതപ്പെടുത്തും. മെഡിക്കൽ കോളജുകളുടെ സഹകരണവും ഈ ഘട്ടത്തിൽ എടുത്ത് പറയത്തക്കതാണ്. 2015 ലെ ആകെ ടിബി കേസുകളുടെ 20 ശതമാനം കേസുകളും കണ്ടെത്തിയത് മെഡിക്കൽ കോളജ് വഴിയാണ് സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തിന് കൃത്യമായ മാർഗനിർദേശം ഇല്ലാത്തത് ഇപ്പോൾ ഒരു വെല്ലുവിളിയാണ്.
പ്രമേഹവും പുകവലിയും
ഇന്ത്യയിൽ വർധിച്ചുവരുന്ന പ്രമേഹരോഗികളുടെ എണ്ണം ക്ഷയരോഗ നിയന്ത്രണത്തിന് പ്രധാന വെല്ലുവിളിയാണ്. 15 വയസിന് മുകളിലുള്ള ഇന്ത്യക്കാരിൽ നഗരങ്ങളിൽ 11 ശതമാനവും ഗ്രാമങ്ങളിൽ മൂന്നുശതമാനവും പ്രമേഹരോഗികളാണ്. ഇവരിൽ പകുതിപ്പേരും പ്രമേഹത്തെ അവഗണിക്കുകയോ അറിയാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയും. ഇവർ ക്ഷയരോഗികളാകാനുള്ള സാധ്യത മൂന്നിരട്ടിയിലധികമാണ്. പ്രമേഹം നിയന്ത്രിച്ചില്ലെങ്കിൽ ഇവരിൽ ക്ഷയരോഗമുക്തിയാകാനുള്ള സാധ്യത കുറയുകയും MDR ടിബി വരാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു. ഇപ്പോൾ കേരളത്തിൽ കണ്ടെത്തുന്ന ക്ഷയരോഗികളിൽ 20 ശതമാനവും പ്രമേഹമുള്ളവരാണ്.
പുകവലിയും പുകയില ഉപയോഗവും കാൻസറിന് സാധ്യത കൂടുന്നതു പോലെ തന്നെയാണ് ക്ഷയരോഗമുണ്ടാകാനുള്ള സാധ്യതയും. ഇന്ത്യയിൽ 15 മുതൽ 50 വയസ് വരെയുള്ള പുരുഷന്മാരിൽ 24 ശതമാനവും സ്ത്രീകളിൽ മൂന്നുശതമാനവും പുകയില/പുകവലി ശീലമുള്ളവരാണ്. ഇവരിലും ക്ഷയരോഗ സാധ്യത മറ്റുള്ളവരേക്കാൾ മൂന്നുമടങ്ങ് കൂടുതലാണ്. ക്ഷയരോഗ നിയന്ത്രണത്തിനായി പ്രമേഹവും പുകവലിയും നിയന്ത്രിച്ചേ
മതിയാകൂ.
എം.കെ. ഉമേഷ് STLS
IES കോർഡിനേറ്റർ, ജില്ല ടിബി സെന്റർ,കണ്ണൂർ