ബംഗളുരു: മഹാഭാരതത്തെ അവഹേളിച്ചു എന്നാരോപിച്ച് നടൻ കമൽഹാസനെതിരേ പരാതി. ബസവേശ്വര മഠത്തിലെ സ്വാമി പ്രണവാനന്ദയാണ് നടനെതിരേ പോലീസിൽ പരാതി നൽകിയത്. കമൽഹാസൻ നിരുപാധികം മാപ്പു പറയണമെന്ന് സ്വമി പരാതിയിൽ ആവശ്യപ്പെടുന്നു. മൂന്നു ദിവസത്തിനുള്ളിൽ മാപ്പു പറഞ്ഞില്ലെങ്കിൽ നിയമനടപടികൾ നേരിടേണ്ടിവരുമെന്നാണ് സ്വാമിയുടെ ഭീഷണി.
ഒരു തമിഴ് ചാനലിനു നൽകിയ അഭിമുഖത്തിൽ സ്ത്രീകൾക്കെതിരായ അക്രമങ്ങളെ കുറിച്ചു പരാമർശിക്കവെയാണ് കമൽഹാസൻ വിവാദ പ്രസ്താവന നടത്തിയത്. സ്ത്രീകളെ ചൂതാട്ടത്തിനും പന്തയത്തിനും ഉപയോഗിക്കുന്നതിനെ മഹത്വവത്കരിക്കുന്ന മഹാഭാരതം പോലുള്ള ഇതിഹാസങ്ങളെ ഇഷ്ടപ്പെടുന്ന ജനങ്ങളുടെ നാടാണ് ഇന്ത്യ എന്നായിരുന്നു കമൽഹാസന്റെ പ്രസ്താവന. പാണ്ഡവരുടെ പത്നിയായ പാഞ്ചാലി(ദ്രൗപതി)യെയാണ് നടൻ പരാമർശിച്ചത്.
ഇതിനെതിരേയാണ് സ്വാമി പരാതിയുമായി രംഗത്തെത്തിയത്. നേരത്തെ, വിവാദ പ്രസ്താവനയിൽ കമൽഹാസനെതിരേ ഹിന്ദു മുനാനി കച്ചി(എച്ച്എംകെ) കോടതിയിൽ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തിരുന്നു.