മുളങ്കുന്നത്തുകാവ്: പൊതുടാപ്പിൽ നിന്നും സ്ത്രീകൾ കുടിവെള്ളം എടുത്തു കൊണ്ടിരിക്കെ മദ്യപിക്കാൻ വെള്ളമെടുത്തത് ചോദ്യം ചെയ്തതിന് യുവാവിനെ ബിയർ കുപ്പി കൊണ്ട് തലക്കടിക്കുകയും രണ്ടു പേരെ മർദ്ദിക്കുകയും ചെയ്തു.
കിരാലൂർ കുണ്ടുളഞ്ചരി പട്ടികജാതി കോളനിയിലാണ് ഒരു സംഘം ആളുകൾ ആക്രമണം നടത്തിയത്. തലക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ കോളനി നിവാസിയായ ചിറ്റിലപ്പിള്ളി വിട്ടിൽ ചന്ദ്രന്റെ മകൻ ദിലിപിനെ(24)യും അയൽവാസികളായ ഉണ്ണികൃഷണൻ(32)രാകേഷ് (30) എന്നിവരെയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി പത്തിനാണ് സംഭവം. വിനോദയാത്ര കഴിഞ്ഞെത്തിയ ആളുകൾ സഞ്ചരിച്ചിരുന്ന വാഹനം കോളനിക്ക് സമീപം നിർത്തുകയും സമീപവാസികളായ ചിലർ ഇറങ്ങിപോവുകയും ചെയ്തു. തുടർന്ന് വാഹനത്തിൽ നിന്നും ഇറങ്ങി വന്ന ഒരു യുവാവ് രാത്രി പൈപ്പിൽ നിന്നും വെള്ളം ശേഖരിക്കുകയായിരുന്ന സ്ത്രീകളുടെ ഇടയിലേക്ക് കടന്ന്ചെന്ന് വെള്ളമെടുത്ത് മദ്യം ഒഴിച്ച് കുടിക്കുകയായിരുന്നു.
ഇതിനെ ചോദ്യം ചെയ്ത സ്ത്രീകളെ അസഭ്യം പറയുകയും ചെയ്തു. ഇത് കണ്ട് വെള്ളം എടുക്കാനായി വരിയിൽ നിന്നിരുന്ന ദിലീപ് യുവാക്കളുടെ നടപടിയെ എതിർത്തപ്പോൾ ബിയർ കുപ്പികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. വാഹനത്തിൽ നിന്നും കൂടുതൽ ആളുകൾ ഇറങ്ങി വന്ന് ആക്രമണം നടത്താൻ ശ്രമിച്ചത് തടയാൻ ശ്രമിച്ചപ്പോഴാണ് ഉണ്ണികൃഷണനും രാകേഷിനും മർദ്ദനമേറ്റത്. നാട്ടുകാർ തടഞ്ഞിട്ട വാഹനം പിന്നീട് എരുമപ്പെട്ടി പോലീസ്എത്തി കസ്റ്റഡിയിലെടുത്തു. കണ്ടാലറിയാവുന്ന പത്തുപേർക്കെതിരെ പോലിസ് കേസടുത്തു.