മുംബൈ/ലണ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വാഗ്ദാനം ചെയ്ത കാര്യങ്ങൾ നടക്കാനിടയില്ലെന്ന ധാരണ കന്പോളങ്ങളെ ഉലച്ചു. ഡോളർ താണു, സ്വർണം കയറി. ഇന്ത്യൻ ഓഹരികളും താണു.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ സെൻസെക്സ് 187.96 പോയിന്റ് താണ് 29233.14-ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 62.8 പോയിന്റ് താണ് 9045.2 -ൽ അവസാനിച്ചു. 9050 നു താഴേക്ക് നിഫ്റ്റി വീണതുമൂലം ഇനിയും വീഴ്ച പ്രതീക്ഷിക്കാമെന്നു പ്രവചിക്കുന്നവർ ഉണ്ട്.
ഇന്ത്യൻ രൂപ ഡോളറിനുമേൽ നല്ല നേട്ടമുണ്ടാക്കി. ഒന്നര വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ് രൂപ. രൂപ കയറുന്നത് ഐടി കന്പനികൾക്കു ക്ഷീണമായി. വിപ്രോ, എച്ച്സിഎൽ തുടങ്ങിയവയുടെ വില താണു. ഡോളർ ഇന്നലെ 39 പൈസ താണ് 65.04 രൂപയായി.
സെബിയുടെ ശിക്ഷയും വ്യാപാരവിലക്കും ലഭിച്ച റിലയൻസ് ഇൻഡസ്ട്രീസിനു മൂന്നു ശതമാനം കണ്ട് വിലയിടിഞ്ഞു. കന്പനിക്ക് 1300 കോടി രൂപ വരുന്ന പിഴയും ഡെറിവേറ്റീവ് വിപണിയിലെ ഇടപെടലിന് ഒരു വർഷവിലക്കുമാണു സെബി വിധിച്ചത്. 2007-ൽ റിലയൻസ് പെട്രോളിയം ലിമിറ്റഡിനെ ലയിപ്പിക്കുന്നതിനു തൊട്ടുമുന്പു നടന്ന ചില അവധിവ്യാപാരങ്ങളാണു കേസിലായത്.
ഏഷ്യൻ കറൻസികൾ മിക്കതും ഡോളറിനു മേൽ നേട്ടമുണ്ടാക്കി. യൂറോപ്യൻ ഓഹരികൾ താഴ്ന്ന നിലയിലാണ്.കഴിഞ്ഞയാഴ്ച ആരോഗ്യ ഇൻഷ്വറൻസ് ഭേദഗതി പാസാക്കിയെടുക്കാൻ പ്രസിഡന്റ് ട്രംപിനു കഴിയാതെപോയത് നികുതി പരിഷ്കാരത്തിലും മറ്റും തിരിച്ചടി ഉണ്ടാകുമെന്നതിന്റെ സൂചനയായാണു കന്പോളം കാണുന്നത്. ട്രംപ് വിജയിച്ചതിനെത്തുടർന്നു ഉണർവിലും ഉത്സാഹത്തിലുമായിരുന്നു അമേരിക്കൻ, യൂറോപ്യൻ ഓഹരിവിപണികൾ.
ഇപ്പോൾ അദ്ദേഹം പ്രഖ്യാപിച്ച കാര്യങ്ങൾ നടക്കാനിടയില്ലെന്ന ധാരണ വളർന്നു. ഇതോടെ നവംബർ തുടക്കത്തിലെ താഴ്ന്ന നിലയിലേക്ക് ഓഹരികൾ പോകുമെന്നാണ് അമേരിക്കൻ ഓഹരിനിക്ഷേപകർ കരുതുന്നത്. ഡോളറിനും ഇതു ക്ഷീണമാണ്. ജനുവരിയിൽ 104 വരെ ഉയർന്ന ഡോളർ സൂചിക ഇപ്പോൾ 99 നടുത്താണ്. ബ്രിട്ടീഷ് പൗണ്ട് 1.26 ഡോളറിലേക്കും യൂറോ 1.08 ഡോളറിലേക്കും കയറി.സ്വർണം ഔൺസിന് ഒരു ശതമാനം കയറി 1260 ഡോളറായി.