കുറവിലങ്ങാട്: 2015 ഐപിഎസ് ബാച്ചിൽ മികച്ച ഓൾ റൗണ്ട് വനിത പ്രൊബേഷണർ, മികച്ച വനിത ഔട്ട്ഡോർ പ്രൊബേഷണർ എന്നീ പദവികളിൽ തിളങ്ങിയ ചൈത്ര തെരേസ് ജോണ് ഐപിഎസ് നിയമം കാക്കാൻ മരങ്ങാട്ടുപിള്ളിയിൽ. സ്റ്റേഷന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു വനിത സ്റ്റേഷനിലെ പ്രധാന കസേരയിലെത്തുന്നത്. ഐപിഎസ് കേഡർ ഉദ്യോഗസ്ഥ സ്റ്റേഷൻ ഭരിക്കുന്നതും ഇതാദ്യം. ഹൈദരാബാദ് നാഷണൽ പോലീസ് അക്കാദമിയിൽ നിന്ന് പ്രത്യേക പുരസ്കാരത്തോടെ പരിശീലനം പൂർത്തീകരിച്ചാണ് ചൈത്ര ജനസേവനത്തിലെത്തുന്നത്.
കേരള കേഡറിൽ സേവനം ആരംഭിച്ച് പോലീസ് തലപ്പത്തേക്ക് ചുവടുവയ്ക്കുന്ന ഈ കോഴിക്കോടുകാരി ഐഎഎസ് സ്വപ്നത്തിൽ നിന്നാണ് ഐപിഎസ് യാഥാർഥ്യത്തിലേക്ക് നീങ്ങിയത്. കസ്റ്റംസിൽ ചീഫ് കമ്മീഷണറായ ഡോ. ജോണ് ജോസഫിന്റെയും മൃഗസംരക്ഷണ വകുപ്പിൽ അസി.ഡയറക്ടറായ ഡോ. മേരി കെ. ഏബ്രഹാമിന്റെയും മകളാണ്. ഏക സഹോദരൻ ഡോ. മനോജ് ഏബ്രഹാം തൃശൂർ മെഡിക്കൽ കോളജിൽ എംഎസ് വിദ്യാർഥിയാണ്. സംസ്ഥാനത്ത് സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ച ചൈത്ര തേരേസ ബംഗളൂരുവിൽ നിന്നാണ് ത്രിമെയിൻ ബിരുദം നേടിയത്. തുടർന്ന് ഹൈദരാബാദിലെ കേന്ദ്രസർവകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തദര ബിരുദം നേടിയശേഷം മത്സരപരീക്ഷകളിലൂടെ ഐപിഎസ് നേടുകയായിരുന്നു.
ഇന്നലെ രാവിലെ സ്റ്റേഷനിലെത്തിയതിന് പിന്നാലെ ജനമൈത്രി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു ബീറ്റ് ഓഫീസർമാരെ ഫീൽഡിൽ നിയോഗിച്ചു. മയക്കുമരുന്നിനെതിരെ വ്യാപകമായ പ്രവർത്തനവും നടപടികളും ഉറപ്പാക്കുമെന്നും ചൈത്ര പറയുന്നു.