കളമശേരി: ഗൃഹനാഥനേയും മകളുടെ കൈക്കുഞ്ഞിനെയടക്കം കുടുംബത്തെ വീട്ടിൽ നിന്ന് പുറത്താക്കി ജപ്തി ചെയ്യാൻ ശ്രമിച്ച സ്വകാര്യ ബാങ്കിനെ നാട്ടുകാരും ബ്ലേഡ് – ജപ്തി വിരുദ്ധ സമിതി യും ചേർന്ന് തടഞ്ഞു. ഇടപ്പള്ളി കൂനംതൈ ടെമ്പിൾ റോഡ് വീട്ടിലെ ഷാജിയേയും കുടുംബത്തേയുമാണ് ബാങ്ക് ഇറക്കി വിടാൻ ശ്രമിച്ചത്.
ഇന്നലെ എച്ച് ഡി എഫ് സി ബാങ്ക് അധികൃതർ കളമശേരി പോലീസ് സഹായത്തോടെയാണ് വീടടങ്ങുന്ന 18.5 സെന്റ് സ്ഥലം ജപ്തി ചെയ്യാൻ വന്നത്. സുഹൃത്തിന്റെ ബിസിനസ് ആവശ്യത്തിനു വേണ്ടി ഗ്യാരണ്ടിയായി നൽകിയ വീടാണിത്. 1994 ൽ സുഹൃത്ത് അടയ്ക്കാനുള്ള 3 ലക്ഷം രൂപ വർധിച്ച് ഇപ്പോൾ 1.7 കോടി രൂപയായെന്നാണ് ബാങ്കിന്റെ അവകാശവാദം. വീട്ടിൽ ഷാജിയും ഭാര്യയും മകളും 3 മാസം പ്രായമായ കൈക്കുഞ്ഞുമാണ് ഉണ്ടായിരുന്നത്.
സംഭവമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും ബ്ലേഡ് വിരുദ്ധ സമിതിയംഗങ്ങളുമെത്തി. ബാങ്ക് മറ്റൊരാൾക്ക് 37 .80 ലക്ഷത്തിന് വീട് ലേലത്തിൽ വിറ്റതായി ഷാജിയെ അറിയിച്ചു. കൂനമ്മാവ് സ്വദേശിയായ മരപ്പണിക്കാരനാണ് വാങ്ങിയതത്രെ. എന്നാൽ ഇത് ബിനാമി ഇടപാടാണെന്നും തന്റെ അമ്മയുടെ കൂടെ പേരിലായിരുന്ന സ്ഥലം ലേല നടപടിക്രമങ്ങൾ നടക്കാനായി അമ്മയുടേയും തന്റെയും കള്ള ഓപ്പ് ബാങ്ക് ഇട്ടിട്ടുണ്ടെന്ന് ഷാജി ബാങ്ക് ഉദ്യോഗസ്ഥരോട് പറഞ്ഞു. പ്രതിഷേധം ശക്തമായപ്പോൾ ബാങ്ക് ജപ്തി ഉപേക്ഷിച്ചു മടങ്ങി.