കോഴിക്കോട്: ചെന്നൈയിൽ കേസ് അന്വേഷണം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ നടക്കാവ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറെ മർദിച്ച സംഭവത്തിൽഗ്രേഡ് എസ്ഐയെ ഇന്ന് സസ്പെൻഡ് ചെയ്തേക്കും. നടക്കാവ് സിഐ ടി.കെ അഷ്റഫ് ഇന്ന് ഉച്ചയ്ക്ക് മുൻപ് സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിറ്റി പോലീസ് കമ്മീഷണർ ജെ.ജയദേവ് എസ്ഐ മോഹൻദാസിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് സൂചന .
മദ്യലഹരിയിലായിരുന്ന മോഹൻദാസ് ഇതെ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഗിരീഷിനെ മർദിച്ചതായി അന്വേഷണത്തിൽ സ്ഥിരീകരിച്ചു.നടക്കാവ് സ്റ്റേഷൻ പരിധിയിലെ യുവതിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണത്തിനായി ചെന്നെയിലേക്ക് പോയ സംഘത്തിന്റെ തലവനായിരുന്നു നടക്കാവ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ മോഹൻദാസ്. കഴിഞ്ഞ 21നാണ് പരാതിക്കിടയാക്കിയസംഭവം. രണ്ട് വനിതാ പോലീസുകാരും എസ്ഐയും സിപിഒ യുമാണ് ട്രെയിനിൽ ചെന്നെയിലേക്ക് പോയത്.
അന്വേഷണം പൂർത്തിയാക്കി തിരിച്ചുവരുന്നതിനിടെയാണ് മദ്യലഹരിയിലായിരുന്ന എസ്ഐ ട്രെയിനിൽവച്ച് സിപിഒ യെ മർദിച്ചത്.ചെന്നെെ നാഗപട്ടണത്തെത്തി അവിടുത്തെ പോലീസ് സഹായത്താൽ യുവതിയെ കണ്ടെത്തി രണ്ടുദിവസമെടുത്ത് അന്വേഷണം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. കേന്ദ്രഭരണ പ്രദേശമായ കാരയ്ക്കൽ വച്ച് എസ്ഐ ട്രെയിനിലെ ജനറൽ കംപാർട്ട്മെന്റിൽ കിടന്നുറങ്ങിയത് മറ്റുയാത്രക്കാർ ചോദ്യം ചെയ്തു.
ഉറക്കത്തിൽനിന്നും യാത്രക്കാർ ഉണർത്തിയത് ഇഷ്ടപ്പെടാത്ത എസ്ഐ സിപിഒയോട് തർക്കിക്കുകയും മർദിക്കുകയുംചെയ്തെന്നാണ് പരാതി. പരുക്കേറ്റസിപിഒയെ സഹയാത്രക്കാരുംഗാർഡുമാണ് രക്ഷിച്ചത്. തിരിച്ച് സ്റ്റേഷനിൽ എത്തിയശേഷം പരാതി നൽകുകയായിരുന്നു.എസ്ഐ കേസന്വേഷണം നടത്താതെ മുഴവൻ സമയവും മദ്യലഹരിയിലാണെന്നാണ് പരാതിയിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് വനിതാ പോലീസുകാരുടെ മൊഴി എടുത്തിട്ടുണ്ട്. ഇവർ ഈ സമയത്ത് കുറച്ച് അകലെയായിരുന്നു. എന്നാൽ മറ്റൊരു യാത്രക്കാരൻ എസ്ഐക്കെതിരെ മൊഴി നൽകി.