തിരുവനന്തപുരം: ആനയറ സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസിൽ കാമുകനായ പേട്ട കാക്കോട് ലെയ്ൻ തായില്ലം വീട്ടിൽ സുരേഷ് മകൻ അന്പാടി എന്നു വിളിക്കുന്ന സജിലാൽ ( 23) നെ പേട്ട പോലീസ് അറസ്റ്റ് ചെയ്തു.
പേട്ട ഇൻസ്പെക്ടർ എ.എസ്.സുരേഷ്കുമാർ, എസ്ഐ ചന്ദ്രബോസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് സിറ്റി പോലീസ് കമ്മിഷ്ണർ സ്പർജ്ജൻ കുമാറിന്റെ നിർദേശപ്രകാരം പ്രതിയെ അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയുടെ ആത്മഹത്യക്കുശേഷം വിദേശത്തേക്ക് കടന്ന പ്രതി തിരികെ നാട്ടിലേയ്ക്ക് വരവേ തിരുവനന്തപുരം എയർപോർട്ടിൽ വച്ചാണ് ഇന്നലെ രാവിലെ പോലീസിന്റെ പിടിയിലായത്. പ്രതിയെ പിടികൂടുന്നതിനായി പുറപ്പെടുവിച്ച ലുക്ക് ഒൗട്ട് സർക്കുലറിനെ തുടർന്ന് എയർപോർട്ടിൽ ഇറങ്ങിയ പ്രതിയെ തടഞ്ഞുവച്ച് അധികൃതർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
മരണപ്പെട്ട പെണ്‍കുട്ടിയുമായി പ്രതി രണ്ടു വർഷമായി പ്രേമത്തിലായിരുന്നു. ഇയാൾ വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ വിവിധസ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിക്കുകയും തുടർന്ന് വിവാഹവാഗ്ദാനത്തിൽ നിന്നും പിന്മാറുകയുമായിരുന്നു. പ്രതിക്കെതിരെ പോസ്കോ നിയമപ്രകാരമാണ് അന്വേഷണം നടത്തിവരുന്നത്.