കൊച്ചി: മമ്മൂട്ടിയുടെ പ്രദർശനത്തിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ ദി ഗ്രേറ്റ് ഫാദറിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ. വാട്സ് ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലൂടെയാണു സിനിമയുടെ ദൃശ്യങ്ങൾ പ്രചരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ നിർമാതാക്കൾ സൈബർ സെല്ലിനെ സമീപിച്ചു.
ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ പൃഥ്വിരാജ്, ഷാജി നടേശൻ, ആര്യ, സന്തോഷ് ശിവൻ എന്നിവരാണു ദി ഗ്രേറ്റ് ഫാദർ നിർമിക്കുന്നത്. ഹനീഫ് അദേനിയാണു രചനയും സംവിധാനവും. പ്രദർശനത്തിനൊരുങ്ങുന്ന ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന പ്രവണത ശരിയല്ലെന്നു നടൻ മമ്മൂട്ടി പറഞ്ഞു. കൊച്ചി ബിനാലെ സന്ദർശനത്തിനിടെ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മമ്മൂട്ടി. അതേസമയം സിനിമയുടെ പ്രമോഷനുവേണ്ടി അണിയറ പ്രവർത്തകർതന്നെ പുറത്തുവിട്ടതാകാം സിനിമയുടെ രംഗങ്ങളെന്നും സൂചനയുണ്ട്.