കോട്ടയം: കെഎസ്ആർടിസി ബസുകളെ നിരീക്ഷിക്കാൻ സ്വകാര്യബസുകളിലെ ചാരന്മാർ സജീവം. കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും കുമളി, എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളിൽ കയറു ന്ന സ്വകാര്യ ബസിലെ ചാരന്മാർ ബസ് എവിടെ എത്തിയെന്നും യാത്രക്കാരുടെ എണ്ണവുമാണ് സ്വകാര്യ ബസിലെ ജീവനക്കാരെ വിളിച്ചറിയിക്കുന്നത്.
കൂടാതെ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിലയുറപ്പിച്ച് ഒാരോ ബസും സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്നതു മുതലുള്ള വിവരങ്ങൾ സ്വകാര്യബസുകാരെ അറിയിക്കുന്നവരും സജീവമാണ്. കുമളി, എറണാകുളം റൂട്ടിലേക്കുള്ള കെഎസ്ആർടിസി ബസുകൾ സ്റ്റാൻഡിൽ നിന്നും യാത്ര പുറപ്പെട്ടാലുടനെ ഇത്തരത്തിലുള്ള ചാരന്മാർ സ്വകാര്യ ബസുകളിലെ ജീവനക്കാരെ വിവരം അറിയിക്കും.
ഇതോടെ സ്വകാര്യ ബസുകൾ കെഎസ്ആർടിസി ബസുകളുടെ മുന്പിലായി ഓടുകയാണ് പതിവ്. കോട്ടയം -എറണാകുളം റൂട്ടിൽ ഏറ്റുമാനൂർ സ്റ്റാൻഡ് കേന്ദ്രീകരിച്ചാണ് സ്വകാര്യബസിലെ ചാരന്മാർ പ്രവർത്തിക്കുന്നത്. രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയത്ത് കോട്ടയം-വൈറ്റില ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചർ ബസുകളിലാണ് ചാരന്മാരുടെ വിഹാരം. കണ്ടക്ടറുടെ സീറ്റിന്റെ അരികിലായിരിക്കും കഴിവതും ഇവർ ഇടംപിടിക്കുക. അല്ലെങ്കിൽ മുന്പിൽ ഡ്രൈവർക്ക് സമീപം. പിന്നെ ഫോണിൽ നിർത്താതെയുള്ള റൂട്ട് വിവരണമാണ്.
ബസ് ഓരോ സ്റ്റോപ്പും പിന്നിടുന്നത്, കയറിയ യാത്രക്കാർ ഇതെല്ലാം കൃത്യമായി വിളിച്ചു പറഞ്ഞുകൊടുക്കും. ഒരേ കന്പിനിയുടെ തന്നെ നിരവധി സ്വകാര്യ ബസുകളാണ് കോട്ടയം-എറണാകുളം റൂട്ടിലുള്ളത്. കെഎസ്ആർടിസി ബസുകളുടെ മുന്നിലും പിന്നിലും ഒരേ കന്പിനികളുടെ ബസുകളായതിനാൽ ചാരന്മാർ വിവരം നൽകുന്നതനുസരിച്ച് ഇവർ സമയക്രമങ്ങളിൽ മാറ്റം വരുത്തുന്നതായും പരാതിയുണ്ട്.
സ്വകാര്യ ബസുകളുടെ ചാരന്മാരുടെ പുതിയ തന്ത്രം മൂലം കെഎസ്ആർടിസിയുടെ കളക്ഷനെ പ്രതികൂലമായി ബാധിക്കുമെന്ന് ജീവനക്കാർ തന്നെ പറയുന്നു. അതേസമയം, ചില ജീവനക്കാർ ഇത്തരം ചാരന്മാരുമായി സൗഹൃദത്തിലാണെന്നും ആക്ഷേപമുണ്ട്. നേരത്തേ സ്വകാര്യ ബസുകൾ ഓടിച്ചവരാകും കെഎസ്ആർടിസിയിലെ ചില ഡ്രൈവർമാർ. ഈ ബന്ധവും സ്വകാര്യ ബസ് ഉടമകൾ മുതലെടുക്കുന്നുണ്ടെന്നും ആരോപണമുണ്ട്.