മങ്കൊന്പ് : ഭാഗ്യം പോക്കറ്റിലിട്ട് പണിക്കുപോയ തൊഴിലാളിയുടെ ഭാര്യയുടെ കരുതൽ ലക്ഷാധിപതിയാക്കി. കുട്ടനാട്ടിലെ പുളിങ്കുന്ന ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് കടമ്മാട് വീട്ടിൽ ജോർജുകുട്ടിയാണ് (49) തിങ്കളാഴ്ച നറുക്കെടുപ്പു നടന്ന വിൻവിൻ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനാർഹനായത്. കടുത്ത വേനൽ ചൂടിൽ വിയർപ്പിൽ കുളിച്ചു നിൽക്കുന്പോഴാണ് അറുപത്തിയഞ്ചു ലക്ഷത്തിന്റെ ഭാഗ്യം ഇത്തവണ തനിക്കൊപ്പമെന്നു ജോർജുകുട്ടി അറിയുന്നത്.
കഴിഞ്ഞ 22 വർഷങ്ങളായി നിർമാണമേഖലയിൽ സഹായിയായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന് അത്രയും തന്നെ വർഷത്തെ ലോട്ടറിയെടുക്കുന്ന ശീലവുമുണ്ട്. ദിവസവും നാലും, അഞ്ചും ടിക്കറ്റുകൾ വരെ എടുക്കും. അയ്യായിരം രൂപയുടെ വരെ സമ്മാനങ്ങളെ ഇതിനു മുൻപ് കിട്ടിയിട്ടുള്ളു. ഇന്നലെ ഫലമറിയുന്പോൾ പള്ളാത്തുരുത്തിയിലുള്ള ഹൗസ് ബോട്ട് ഓഫീസ് കെട്ടിടത്തിന്റെ നിർമാണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ഇദ്ദേഹം.
തലേന്ന് പണിക്കുപോയ വഴിക്ക് രാവിലെ ഏഴരയോടെ പള്ളാത്തുരുത്തിയിൽ വച്ചു കണ്ട വിൽപനക്കാരനിൽ നിന്നാണ് ഭാഗ്യ ടിക്കറ്റ് വാങ്ങിയത്. ഇതിനു പുറമെ മറ്റു വിൽപ്പനക്കാരിൽ നിന്നുമായി രണ്ടു ടിക്കറ്റുകൾ കൂടി വാങ്ങിയിരുന്നു. എടുത്ത ടിക്കറ്റ് തലേന്നിട്ട ഷർട്ടിന്റെ പോക്കറ്റിൽത്തന്നെ നിക്ഷേപിച്ച് പതിവുപോലെ ഇന്നലെയും പണിക്കുപോയി.
പതിവുപോലെ അലക്കുംമുൻപ് ഭാര്യ ബിൻസി യാദൃശ്ചികമായിട്ടാണ് ഷർട്ടിന്റെ പോക്കറ്റിൽ പരിശോധിച്ചത്. പോക്കറ്റിൽ നിന്നും കിട്ടിയ ലോട്ടറി തലേന്നു നറുക്കെടുത്തതാണെന്നു കണ്ടതോടെ പത്രത്തിൽ വന്ന ഫലവുമായി ഒത്തുനോക്കി. കയ്യിലുള്ള ടിക്കറ്റിലെയും, പത്രത്തിലെയും നന്പരുകൾ ഒന്നാണെന്നു കണ്ടതോടെ ഭാഗ്യദേവത കടാക്ഷിച്ച വിവരം ഭർത്താവിനെ വിളിച്ചറിയിക്കുകയായിരുന്നു.
ഭാഗ്യം ലക്ഷങ്ങളുടെ രൂപത്തിൽ തന്നെ തേടിയെത്തിയതറിഞ്ഞിട്ടും ഏറെ ആഹ്ലാദപ്രകടനങ്ങൾക്കു മുതിരാതെ പണിയിൽ തുടരുകയായിരുന്നു. പണിസ്ഥലത്തു താൻ മാത്രമാണ് സഹായിയായുണ്ടായിരുന്നത്. ഇട്ടിട്ടുപോയാൽ അതോടെ അന്നത്തെ പണി മുടങ്ങും. അതുകൊണ്ട് പണി കഴിഞ്ഞു വൈകിട്ടു വീട്ടിലേക്കു പോകാമെന്നു കരുതുകയയായിരുന്നെന്ന് ജോർജുകുട്ടി പറഞ്ഞു.
ഭർത്താവിന്റെ നിർദേശാനുസരണം ഭാര്യയും മകനും ചേർന്ന് സമ്മാനാർഹമായ ടിക്കറ്റ് പുളിങ്കുന്നിലുള്ള കാനറാ ബാങ്ക് ശാഖയിൽ ഏൽപ്പിച്ചു. രണ്ടാണ്മക്കളാണ് ജോർജുകുട്ടിക്കുള്ളത്. മൂത്തമകൻ ജെറിൻ എൻജിനീയറിംഗ് അവസാന വർഷ വിദ്യാർത്ഥിയും, ഇളയമകൻ ജസ്റ്റിൻ ഐടിഐ വിദ്യാർത്ഥിയുമാണ്. മാതാവ് മറിയാമ്മയും ജോർജുകുട്ടിക്കൊപ്പമുണ്ട്.