കുണ്ടറ: സഹകരണ മേഖലയുടെ ശാക്തീകരണത്തിനുള്ള പരിശ്രമങ്ങളിൽ എല്ലാവരും പങ്കാളികളാണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പെരുമ്പുഴ ഗ്രാമോ ദ്ധാരണ സർവീസ് സഹകരണ ബാങ്കിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങൾക്കിടയിൽ വൻതോതിൽ വേരോട്ടമുള്ള ജനകീയ പ്രസ്ഥാനമാണ് കേരളത്തിലെ സഹകരണ മേഖല. കക്ഷിരാഷ്ട്രീയ ഭേദമെന്യെ ജനങ്ങൾ ഈ രംഗത്തോടു ചേർന്നു നിൽക്കുന്നു. നോട്ട് റദ്ദാക്കൽ നടപടിയെത്തുടർന്ന് ഏറ്റവും കൂടുതൽ ദുരിതം നേരിട്ടത് സഹകരണ മേഖലയാണ്.
ഇപ്പോൾ ആ ഘട്ടം പിന്നിട്ടു. കേരളത്തിലെ സഹകാരികൾ ആകെ ഒന്നിച്ചു നിന്നതുകൊണ്ടാണ് പ്രതിസന്ധിയെ അതിജീവിക്കാൻ കഴിഞ്ഞത്. ഈ മേഖലയിലെ സ്ഥാപനങ്ങൾ തമ്മിലും സഹകരിച്ചു. നിലനിൽപ്പിന് അനിവാര്യമായ ജനകീയ അടിത്തറ കേരത്തിലെ സഹകരണ സ്ഥാപനങ്ങൾക്ക് ഇപ്പോഴുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്തുത്യർഹമായ സേവനം കാഴ്ച്ചവയ്ക്കുന്ന പെരുമ്പുഴ ബാങ്കിന്റെ പ്രവർത്തനം കൂടുതൽ ഊർജിതമാക്കാൻ നൂതന സംവിധാനങ്ങളുള്ള പുതിയ മന്ദിരം ഉപകരിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
ആർ.രാമചന്ദ്രൻ എംഎൽഎ, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സി.രാജൻ, മുൻ എം പി കെ.എൻ. ബാലഗോപാൽ, ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹൻ, ജില്ലാ പഞ്ചായത്തംഗം ഷെർലി സത്യദേവൻ, മറ്റ് ജനപ്രതിനിധികൾ, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ബാങ്ക് പ്രസിഡന്റ് സോമൻപിള്ള, ഡയറക്ടർ സദാനന്ദൻ പിള്ള എന്നിവർ പ്രസംഗിച്ചു.